തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയില്‍ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിള്‍, ജോസഫ് എന്നിവരാണ് ഇന്നലെ നടന്ന അപകടത്തിൽ മരിച്ചത്. വള്ളത്തിൽ ആകെ അഞ്ചു പേരാണ് ണ്ടായിരുന്നത്. അതിൽ മൂന്നു പേർ രക്ഷപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. അഞ്ചുതെങ്ങ് സ്വദേശിയായ അനു എന്ന വ്യക്തിയുടെ കർമ്മല മാതാ എന്ന ചെറു വള്ളമാണ് ശക്തമായ തിരയടിയിൽപ്പെട്ട് മറിഞ്ഞ് അപകടമുണ്ടായത്. ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ നിരന്തരം അപകടത്തിൽപ്പെടാറുണ്ട്. 2011 നും 2023 ഇടയിൽ ഈ മേഖലയിൽ മാത്രം 66 പേർ അപകടത്തിൽ മരിച്ചിട്ടുള്ളതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ നേരത്തെ മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. തിരയുടെ ശക്തികുറയ്ക്കാനായി നിർമിച്ചിട്ടുള്ള പുലിമുട്ടിൽ അപാകത സംഭവിച്ചിട്ടുള്ളതായി ആക്ഷേപമുണ്ട്. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്.
