തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ മാർച്ച് , അറസ്റ്റ്

At Malayalam
1 Min Read

തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്കുള്ള പ്രതിപക്ഷ എം പിമാരുടെ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ പ്രതിപക്ഷം ശ്രമം നടത്തി. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. എം പിമാരെ അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു .വോട്ടർപട്ടിക ക്രമക്കേട് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷണർമാരുമായുള്ള കൂടിക്കാഴ്ച പ്രതിപക്ഷം ഉപേക്ഷിച്ചു. എല്ലാ എം പിമാരെയും കമ്മീഷണർമാരെ കാണാൻ അനുവദിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ മുപ്പതു പേരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന അധികൃതരുടെ നിർദേശത്തിലും പ്രതിഷേധം ഉയർന്നു. ഇതിനിടെ മഹുവ മോയ്‌ത്ര എം പിയ്ക്ക് അസ്വസ്ഥതയുണ്ടായി. അവരെ ആശുപത്രിയിലാക്കണമെന്ന് എം പിമാർ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവർ അറസ്റ്റിലായിട്ടുണ്ട്. ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രിയങ്ക പ്രതിഷേധിക്കുകയും ചെയ്തു. ഭരണഘടനയെ സംരക്ഷിക്കാനുള്ള സമരമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇതൊരു രാഷ്‌ട്രീയ പോരാട്ടമല്ല, മറിച്ച് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്റ് പരിസരത്തു നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കമ്മിഷൻ ആസ്ഥാനത്തേക്കുള്ള പ്രകടനത്തിൽ മലയാളമടക്കമുള്ള ഭാഷകളിൽ വോട്ട് മോഷണം എന്ന മുദ്രാവാക്യമെഴുതിയ പ്ളക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. കർണാടകയിലെ മഹദേവപുര അസംബ്ളി മണ്ഡലത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിൽപ്പരം വോട്ടുകളുടെ ക്രമക്കേടു നടന്നുവെന്ന് രാഹുൽ ഗാന്ധി ഇന്നലെ ആരോപിച്ചിരുന്നു. കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ആരോപണം തള്ളിയിരുന്നു. തെളിവ് ഹാജരാക്കാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Share This Article
Leave a comment