അര്‍ജന്റീന ടീമിൻ്റെ സന്ദര്‍ശനം : വ്യാജപ്രചാരണങ്ങളെന്ന് കായിക മന്ത്രി

At Malayalam
3 Min Read

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെയും ദുരുദ്ദേശത്തോടെയും ഉള്ളതാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍ പറയുന്നു.

തങ്ങളുടെ ദേശീയ ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് വരില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (AFA ) ഇതുവരെയും അറിയിച്ചിട്ടില്ല. കരാര്‍ പ്രകാരം 2025 ഓക്ടോബറിലാണ് ടീം കേരളത്തിൽ എത്തേണ്ടത്. സര്‍ക്കാര്‍ നിശ്ചയിച്ച സ്‌പോണ്‍സര്‍ , റിസര്‍വ് ബാങ്ക് അനുമതിയോടെ മാച്ച് ഫീ AFA യ്‌ക്ക്‌ കൈമാറിയതായി അറിയിച്ചിട്ടുമുണ്ട്. സന്ദര്‍ശനം 2026 ലേക്ക് മാറ്റണമെന്ന പുതിയ ആവശ്യം AFA മുന്നോട്ടു വച്ചു. അതു സമ്മതമല്ലെന്ന് അവരെ അറിയിച്ചിട്ടുമുണ്ട്.

മെസിയെയും സംഘത്തെയും കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ ചെലവഴിക്കുന്നു എന്നതായിരുന്നു ആദ്യം ഉയര്‍ത്തിയ ആരോപണം. എന്നാല്‍, സര്‍ക്കാരിന്റെ ചെലവിലല്ല ടീം വരുന്നതെന്ന് വ്യക്തമായപ്പോള്‍ മന്ത്രി വിദേശത്തു പോകാന്‍ 13 ലക്ഷം രൂപ ചിലവഴിച്ചു എന്നായി അടുത്ത പ്രചാരണം. കേന്ദ്ര കായിക, വിദേശ, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത് തന്നെ.

AFA ഭാരവാഹികളുമായി ഓണ്‍ലൈനായി നടന്ന ആശയവിനിമയങ്ങളെ തുടര്‍ന്നാണ് സ്‌പെയ്‌നിലെ മാഡ്രിഡില്‍ വെച്ച് അവരുമായി ചര്‍ച്ച നടത്തിയത്. ഈ സന്ദര്‍ശനത്തെ തുടര്‍ന്നാണ് AFA യും സ്‌പോണ്‍സറും കരാറില്‍ ഏര്‍പ്പെട്ടത്. അര്‍ജന്റീന സോക്കര്‍ സ്‌കൂളുകള്‍ കേരളത്തില്‍ തുടങ്ങുക, കായികപരിശീലന അക്കാദമികള്‍ ആരംഭിക്കുക, നമ്മുടെ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി പരിഗണനയിലുണ്ടായിരുന്നു.

- Advertisement -

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ ക്ഷണിക്കാന്‍ മാത്രമായിരുന്നില്ല ഈ സന്ദര്‍ശനം. ലോക ക്ലബ് ഫുട്‌ബോളില്‍ ഒന്നാമതുള്ള സ്‌പെയ്‌നിലെ ലാ ലിഗ, സ്‌പെയ്ന്‍ ഹയര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവരുമായി സഹകരിക്കുന്നതിനും ഈ സന്ദര്‍ശനത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കായികവൈദഗ്ധ്യ വികസന പരിപാടികള്‍, സ്‌പോര്‍ട്‌സ് സയന്‍സ്, സ്‌പോര്‍ട്‌സ് റിസര്‍ച്ച്, കായികമേഖലയുടെ ഡിജിറ്റലൈസേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്‌പെയ്ന്‍ ഹയര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചര്‍ച്ച നടത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സാങ്കേതിക സഹായം, സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ കരിക്കുലം പരിഷ്‌ക്കരണം, പാരാ ഫുട്‌ബോള്‍, കായിക രംഗത്ത് സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിലാണ് ലാ ലിഗ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

സംസ്ഥാനം കൊണ്ടുവന്ന പുതിയ കായികനയത്തിലെ പ്രധാന നിര്‍ദ്ദേശമാണ് കായിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നത്. 200 ദശലക്ഷം ഡോളര്‍ വരുന്ന നമ്മുടെ കായിക വിപണിയുടെ മൂല്യം അടുത്ത അഞ്ചു വര്‍ഷം കൊണ്ട് മൂന്നിരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അതിന്റെ ആദ്യപടിയായിരുന്നു അന്താരാഷ്ട്ര കായിക ഉച്ചകോടി. 2024 ജനുവരിയില്‍ നടന്ന ഉച്ചകോടിയില്‍ എട്ടു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. കായിക സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് ഏറവും പ്രധാനമാണ് വിദേശ സഹകരണം. കേരള നിയമസഭ അംഗീകരിച്ച 2025 – 26 സംസ്ഥാന ബജറ്റിലെ പ്ലാന്‍ റെറ്റപ്പ് പ്രകാരം കായികവകുപ്പിന് അനുവദിച്ച കായികവികസന നിധി എന്ന ഹെഡ്ഡില്‍ വിദേശ സഹകരണത്തിന് ഉള്‍പ്പെടെ ചെലവഴിക്കാന്‍ 8.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ടീമുകളെ ക്ഷണിക്കുന്നതും മത്സരങ്ങളുടെ നടത്തിപ്പും ഉള്‍പ്പെടെ കായിക, മാനവവിഭവശേഷി വികസനത്തിന് അന്താരാഷ്ട്ര കായിക സഹകരണവും കൈമാറ്റങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന് കായികവികസന നിധിയുടെ ഹെഡ്ഡില്‍ വിശദീകരിക്കുന്നുണ്ട്. അതുപ്രകാരമാണ് കായിക വകുപ്പ് സെക്രട്ടറിക്കും കായിക ഡയറക്ടര്‍ക്കും ഒപ്പം സ്‌പെയ്ന്‍ സന്ദര്‍ശനം നടത്തിയത്.

കേരളം നിരവധി രാജ്യങ്ങളുമായി കായികരംഗത്ത് സഹകരിക്കുന്നുണ്ട്. യൂറോപ്പില്‍ മുന്‍നിരയിലുള്ള നെതര്‍ലന്റ്‌സ് ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് നമ്മുടെ പരിശീലകര്‍ക്ക് റിഫ്രഷര്‍ കോഴ്‌സ് നടത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സര്‍വകലാശാലയുമായി ചേര്‍ന്ന് പരിശീലന വികസന പദ്ധതികളും ഇറ്റലിയിലെ എ സി മിലാന്‍ ഫുട്‌ബോള്‍ ക്ലബുമായി ചേര്‍ന്ന് ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഫുട്‌ബോള്‍ അക്കാദമിയും നടക്കുന്നുണ്ട്.

ക്യൂബയുമായി സഹകരിച്ച് ചെ അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റ് നടത്തിയിരുന്നു. ക്യൂബയില്‍ നിന്ന് കായിക പരിശീലകരെ കൊണ്ടുവരാനുള്ള ധാരണാപത്രത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

കേരളത്തെ ഒരു ആഗോള ഫുട്‌ബോള്‍ ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഫുട്‌ബോള്‍ രംഗത്ത് അഞ്ചു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഗോള്‍ പദ്ധതി ആരംഭിച്ചു. വനിതകള്‍ക്കായി രണ്ട് അക്കാദമികള്‍ ഉള്‍പ്പെടെ സര്‍ക്കാരിനു കീഴില്‍ മൂന്ന് ഫുട്‌ബോള്‍ അക്കാദമികള്‍ ആരംഭിച്ചു. ഈ രംഗത്ത് കൂടുതല്‍ വികസനത്തിന് വിദേശ സഹകരണം ആവശ്യമാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പത്തോളം അക്കാദമികളില്‍ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്നുമുണ്ട്‌.

- Advertisement -

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കുള്ള ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ സമ്മാനമായിരിക്കും മെസിയടങ്ങുന്ന അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം. നമ്മുടെ ഫുട്‌ബോള്‍ മേഖലയ്ക്ക് വലിയ പ്രചോദനം നല്‍കാന്‍ മെസിയുടെയും സംഘത്തിന്റെയും സാന്നിധ്യം കൊണ്ട് സാധിക്കും. കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും സാമ്പത്തികമേഖലയ്ക്ക് ഒന്നാകെയും വലിയ പ്രോത്സാഹനം നല്‍കാനും കഴിയുമെന്നും മന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Share This Article
Leave a comment