യാതൊരു പ്രകോപനവും കൂടാതെ യേശുദാസിനെതിരെ അശ്ലീല പരാമർശം നടത്തിയ നടൻ വിനായകനെതിരെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഷേധം ശക്തമാകുന്നു. പ്രശസ്തരും സാധാരണക്കാരും നിരവധി സാമൂഹിക – കലാസംഘടനകളുമടക്കം വിനായകൻ്റെ അനാവശ്യ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അടൂർ ഗോപാല കൃഷ്ണനെതിരെ പ്രതികരിക്കണമെങ്കിൽ അതാവാം. എന്നാൽ അത്തരം സംഭവങ്ങളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ബന്ധവുമില്ലാത്ത, യേശുദാസിനെപ്പോലെ ലോകം ആദരിക്കുന്ന ഒരു കലാകാരനെ അപകീർത്തിപ്പെടുത്തിയതെന്തിന് എന്നാണ് ചോദ്യം.
വിനായകൻ പണ്ടും ഇത്തരത്തിൽ അനാവശ്യ വിവാദങ്ങൾ ധാരാളം ഉണ്ടാക്കിയിട്ടുള്ള വ്യക്തിയാണ്. പല പ്രമുഖ വ്യക്തികളേയും ഇത്തരത്തിൽ അധിക്ഷേപിച്ചിട്ടുമുണ്ട്. എന്നാൽ കേരളത്തിൻ്റെ കലാമേഖലയിൽ ഒന്നാമനായി, അറുപതാണ്ടോളം നിറഞ്ഞു നിന്ന യേശുദാസ് ഏറെ നാളായി കേരളത്തിലില്ല. നിലവിലുണ്ടായ ഒരു വിവാദത്തിലും അദ്ദേഹത്തിന് പങ്കുമില്ല, ഒരു വിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുമില്ല. എന്നിട്ടും എന്തിനാണ് പോയ പോക്കിൽ യേശുദാസിനെ വിനായകൻ ഇതിൽ വലിച്ചിഴച്ചതെന്നും ചോദ്യം ഉയരുന്നു.