കാലാവധി പൂർത്തിയാക്കും മുമ്പ് ജഗ്‌ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതിനെത്തുടർന്ന് പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങൾ സജീവമായി നടന്നു വരികയായിരുന്നു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനവും പുറത്തിറങ്ങി. എൻ ഡി എയുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം ഇന്ത്യ മുന്നണി തങ്ങളുടെ തീരുമാനം അറിയിക്കും.
ധൻകറിന്റെ രാജിക്കു ശേഷം പുതിയ ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിൽ വ്യക്തത ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ബി ജെ പി ക്യാമ്പിൽ തന്ത്രപരമായ നീക്കങ്ങൾ നടക്കുകയാണ്. ആദ്യം ഈ സ്ഥാനം ബിഹാറിൽ നിന്ന് ലഭിക്കുമെന്നാണ് പ്രചാരണമുണ്ടായിരുന്നത്. നിതീഷ് കുമാറിന്റെ പാർട്ടിയിൽ നിന്നുള്ളൊരാൾക്ക് ഈ സ്ഥാനം ലഭിക്കുമെന്നും ഊഹാപോഹങ്ങളുണ്ടായിരുന്നു.
ഒരു ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വ്യക്തിക്ക് ഈ പദവി നൽകി ‘ഇന്ത്യ’ മുന്നണിയെ പ്രതിരോധത്തിലാക്കുക എന്നതാണ് മോദിയുടെ തന്ത്രം എന്നും റിപ്പോർട്ടുണ്ട്. ഇതിനായാണ് നിലവിലെ ആന്ധ്രാപ്രദേശ് ഗവർണറായ ജസ്‌റ്റിസ് അബ്‌ദുൽ നസീറിന്റെ പേര് ബി ജെ പി പരിഗണിക്കുന്നത്. കർണാടക സ്വദേശിയായ അബ്‌ദുൽ നസീർ ദീർഘകാലം ജഡ്‌ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സുപ്രീം കോടതിയിൽ ഏറെക്കാലം പ്രവർത്തനം നടത്തിയിട്ടുള്ള അദ്ദേഹം അയോധ്യ കേസിൻ്റെ വിധിയിലും ഭാഗമായിരുന്നു. 2023 ഫെബ്രുവരിയിലാണ് അദ്ദേഹം ആന്ധ്രാപ്രദേശ് ഗവർണറായി നിയമിതനായത്. രണ്ടര വർഷത്തെ ഗവർണർ കാലാവധി പൂർത്തിയാക്കിയ അബ്‌ദുൽ നസീറിനെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് മോദി ക്യാമ്പ് കാര്യമായി ചർച്ച ചെയ്യുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒരു ഗോത്രവർഗ വനിത രാഷ്ട്രപതിയായിരിക്കുമ്പോൾ, ദക്ഷിണേന്ത്യയിലെ ഒരു ന്യൂനപക്ഷ വിഭാഗത്തിന് ഉപരാഷ്ട്രപതി സ്ഥാനം നൽകുന്നത് പ്രതിപക്ഷത്തിന് അവസരം നൽകാതിരിക്കാനുള്ള മോദിയുടെ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. മാറുന്ന സാഹചര്യങ്ങളിൽ, ബിഹാർ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് ന്യൂനപക്ഷ വിഭാഗത്തിന് ഉപരാഷ്ട്രപതി സ്ഥാനം നൽകുന്നത് രാഷ്ട്രീയമായി പ്രയോജനപ്പെടുമെന്നും അവർ പ്രതീക്ഷിക്കുന്നു.
നിലവിലെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിംഗ് ആ പദവിയിൽ തുടരും. ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം തമിഴ്‌നാടിനോ പശ്ചിമ ബംഗാളിനോ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. നിലവിൽ, ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ആവശ്യമായ ഭൂരിപക്ഷം എൻ ഡി എയ്ക്ക് ഇലക്ട്രറൽ കോളജിലുണ്ട്. അതിനാൽ മത്സരിച്ചാൽ എസ് അബ്‌ദുൾ നസീർ തന്നെയാവും ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതി.