ലിയോണല്‍ മെസിയുള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് (എ എഫ് എ ) 130 കോടി രൂപ കൈമാറിയിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ടിവി ബ്രോഡ്കാസ്റ്റിംഗ് കോര്പറേഷൻ എം ഡി ആന്റോ അഗസ്റ്റിൻ. പണം വാങ്ങിയ ശേഷം വരാതിരിക്കുന്നത് ചതിയാണെന്നും വരാതിരുന്നാല്‍ നിയമ നടപടികള്‍ ആലോചിക്കുമെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.
മെസിയുള്‍പ്പെടുന്ന അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കാനായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്പറേഷന് കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഒക്ടോബർ മാസത്തിൽ കേരളത്തിൽ കളിക്കാമെന്ന് എ എഫ് എ സമ്മതിച്ചതുമാണ്. ഇതിന്റെ ഭാഗമായി ജൂണ്‍ ആറിനാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കിയത്. എല്ലാ അനുമതിയും എടുത്ത ശേഷമാണ് പണം കൈമാറിയത്. പിരിച്ചെടുത്ത പണമല്ല, കൈമാറിയ 130 കോടിയും സ്വന്തം പണമാണ്. രേഖകൾ പുറത്തു വിടരുതെന്ന് കരാറിൽ വ്യവസ്ഥയുള്ളതുകൊണ്ട് പണം കൈമാറിയ രേഖകൾ പുറത്തുവിടാനാവില്ല.
മുഴുവൻ പൈസയും ക്രെഡിറ്റ് ആയെന്ന് പറയുന്ന അര്‍ജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ മെയിൽ മറുപടിയും ഞങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. അടുത്ത ലോകകപ്പിനു ശേഷം അർജന്റീനയെ കേരളത്തിലേക്കു കൊണ്ടുവരാൻ താൽപര്യമില്ല. ഇക്കാര്യം എ എഫ് എ യെ അറിയിച്ചിട്ടുണ്ട്. പിന്നീട് അവർ മറുപടിയൊന്നും തന്നിട്ടില്ല. അർജന്റീന ടീം വരില്ലെന്ന് അവർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അതിനിടെ മെസിയുള്‍പ്പെടുന്ന അര്‍ജന്റീന ടീം ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മെസി കേരളത്തില്‍ വരുന്നില്ലെങ്കില്‍ ഇന്ത്യയിൽ എവിടെയും വരില്ലെന്നും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനുമായാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് കരാറുണ്ടാക്കിയിരിക്കുന്നതെന്നുമാണ് ആന്റോ അഗസ്റ്റിൻ പറയുന്നത്.