പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെയും അമേരിക്കയുടെയും താരിഫ് ഭീഷണികൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വ്യാപാരയുദ്ധത്തിൽ കണ്ണു ചിമ്മുമെന്ന് കരുതരുതെന്ന് ട്രംപിനോട് മോദി. രാജ്യ താൽപര്യം അനുസരിച്ചേ മുന്നോട്ട് പോകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
റഷ്യയുമായി എണ്ണ ഇറക്കുമതി സംബന്ധിച്ച് ഇന്ത്യ ധാരണയിലെത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശം കൂടി വന്നതോടെയാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണം നൽകിയത്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിവെച്ചുവെന്ന് ഞാൻ കേൾക്കുന്നു, ഇത് ശരിയാണെങ്കിൽ അതൊരു നല്ല നടപടിയാണ്, എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
റഷ്യയിൽ നിന്നു ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യക്ക് പിഴ ചുമത്താൻ അമേരിക്ക തീരുമാനിച്ചതിനു പിന്നാലെയാണ് ട്രംപിൻ്റെ ഈ പ്രസ്താവന. എന്നാൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വിപണി ചലനാത്മകതയും ദേശീയ താൽപ്പര്യങ്ങളും അനുസരിച്ചാണ് ഇന്ത്യ കൈകാര്യം ചെയ്യുന്നതെന്നും റഷ്യൻ എണ്ണ ഇറക്കുമതി താൽക്കാലികമായി നിർത്തുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിന് അറിയില്ലെന്നും വിദേശകാര്യ മന്ത്രാലയം അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.