അഞ്ചു പൈസ വകമാറ്റി ചെലവഴിക്കില്ലെന്ന് മന്ത്രി കെ രാജൻ

At Malayalam
1 Min Read

സംസ്ഥാന ദുരന്ത നിവാരണനിധിയിലേക്ക് ദുരന്ത ബാധിതർക്കായി ലഭിച്ച 700 കോടി രൂപയിൽ അഞ്ചു പൈസ പോലും വകമാറ്റി ചെലവഴിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ പറയുന്നു. മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തം നേരിട്ടവർക്കായി സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് ലഭിച്ച തുക ദുരിതബാധിതർക്ക് മാത്രം അവകാശപ്പെട്ടതാണെന്നും വകമാറ്റി ചെലവഴിക്കില്ലെന്നും മന്ത്രി വയനാട്ടിൽ മാധ്യമങ്ങളോടു പറഞ്ഞു.

മുണ്ടക്കൈ – ചൂരൽമല ദുരിത ബാധിതരായ 49 പേരെ കൂടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തും. ഇതോടെ 451 പേർക്ക് എൽസ്റ്റണിലെ ടൗൺഷിപ്പിൽ വീടു ലഭിക്കും. ദുരന്ത പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ട ഉടമകൾക്ക് സർക്കാർ ധനസഹായം ഉറപ്പാക്കും. വ്യാപാര സ്ഥാപനങ്ങൾക്കു സംഭവിച്ച നഷ്ടം കണക്കാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ വിദഗ്ധ സമിതി സാങ്കേതിക പരിശോധന നടത്തി തുക നിശ്ചയിക്കുന്ന പക്ഷം നഷ്ടപരിഹാരം ഉടൻ നൽകും.

ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകിയവരുടെ ഹിയറിങ് പൂർത്തിയാക്കിയെന്നും സ്ഥല
പരിശോധന കൂടി നടത്തി അർഹതപ്പെട്ടവരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി പട്ടികയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ച് താമസിക്കാനാണ് എല്‍സ്റ്റൺ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത്. എന്നാൽ അവിടെ നിന്നു മാറി സന്നദ്ധ സംഘടനകള്‍ നിര്‍മ്മിച്ചു നൽകുന്ന വീടുകൾ സ്വീകരിക്കാൻ തീരുമാനിച്ച് സര്‍ക്കാറില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചവര്‍ ഈ സംഘടനകള്‍ ലഭ്യമാക്കുന്ന ഭൂമിയുടെ കൃതൃമായ രേഖകള്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

Share This Article
Leave a comment