കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ഒമ്പത് ജില്ലകളിൽ ഇന്ന് (ഞായർ ) കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യുന്നുമുണ്ട്. ഗുജറാത്ത് തീരത്ത് തുടങ്ങി വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തി ഉള്ളതാണ് സംസ്ഥാനത്ത് മഴ തുടരാൻ കാരണമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
വടക്കുപടിഞ്ഞാറൻ കാറ്റും കേരളത്തിൽ ശക്തമാണ്. മണിക്കൂറിൽ ഏകദേശം 60 കിലോ മീറ്റർ വേഗത്തിലാവും കേരളത്തിൽ കാറ്റു വീശുക. അതിനാൽ ഈ മാസം 30 വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിനു പോകരുതെന്ന മുന്നറിയിപ്പും നിലവിലുണ്ട്. സംസ്ഥാനത്തെ വിവിധ നദികളിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിൽ ശക്തമായ മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. ജാഗ്രത എല്ലാവർക്കും ഉറപ്പായും ഉണ്ടാകണം.