ഗോവിന്ദച്ചാമി കേസിൽ അടിയന്തര യോഗം

At Malayalam
2 Min Read

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ പൊലീസ് അന്വേഷണവും വകുപ്പു തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിനു പുറമെയാണ് പ്രത്യേകമായി സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി നിർദേശം നൽകിയത്. മുൻ കേരള ഹൈക്കോടതി ജഡ്ജി റിട്ട: ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക.

കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം നടത്താൻ തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറി ഡോ : എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ,ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പു സെക്രട്ടറി കെ ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് അഡീഷണൽ ഡി ജി പി പി വിജയൻ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത്.

കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായത് അത്യന്തം ഗൗരവം ഉള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കണമെന്ന് യോഗം തീരുമാനമെടുത്തു. സൂക്ഷ്മതലത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇന്റലിജൻഡ് സി സി ടി വി നാല് പ്രധാന ജയിലുകളിലും സ്ഥാപിക്കും. ഇതിനുള്ള നടപടികൾ അടിയന്തരമായി തുടങ്ങും,

ജയിൽ ജീവനക്കാർ തുടർച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത്, അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓരോ സ്ഥലത്തും അഞ്ചു വർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് സ്ഥലം മാറ്റും.
ജയിലിനകത്തെ ഇൻ്റലിജൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.
ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളിൽ പലരെയും ഇപ്പോൾ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇത്തരക്കാർക്ക് അന്തർ സംസ്ഥാന ജയിൽ മാറ്റം കൂടി പരിഗണിക്കും.

- Advertisement -

ജയിലുകളിൽ ഇപ്പോൾ വീഡിയോ കോൺഫറൻസിംഗ് സംവിധാനമുണ്ട്. അത് ശക്തിപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കും. ജയിലിനകത്ത് തടവുകാർക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കും.

താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കും. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു.

നിലവിൽ നടക്കുന്ന അന്വേഷണങ്ങൾ അതിവേഗം പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment