പാലക്കാട് യുവതി ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഭർത്താവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. വടക്കഞ്ചേരി കാരപ്പറ്റയിൽ പ്രദീപിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ നേഹയെ കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആറു കൊല്ലം മുമ്പായിരുന്നു ഇവരുടെ വിവാഹം. മകളുടെ മരണത്തിനു പിന്നിൽ ഭർത്താവായ പ്രദീപിനു പങ്കുണ്ടെന്ന് കാണിച്ച് നേഹയുടെ മാതാപിതാക്കൾ പൊലിസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രദീപിനെ ആലത്തൂർ പൊലിസ് കസ്റ്റഡിയിൽ എടുത്തത്.
പ്രദീപ് – നേഹ ദമ്പതികൾക്ക് ഏറെക്കാലം കുട്ടികൾ ഇല്ലാതിരുന്നതായും വിദേശത്ത് ജോലി ചെയ്തിരുന്ന പ്രദീപ് നാട്ടിലെത്തി ഡോക്ടറുടെ നിർദേശ പ്രകാരം ചികിത്സ തുടങ്ങിയതായും പറയുന്നു. 2 കൊല്ലങ്ങൾക്കു ശേഷം ഇവർക്ക് കുട്ടികൾ ഉണ്ടായി. നാട്ടിൽ ജോലി ചെയ്തു തുടങ്ങിയ പ്രദീപ് നിരന്തരം നേഹയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ നേഹ വീട്ടിൽ കുഴഞ്ഞുവീണതായി പ്രദീപ് തങ്ങളെ ഫോണിൽ വിളിച്ചറിയിച്ചതായും വീട്ടിൽ എത്തിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ മകളെ കണ്ടതായും നേഹയുടെ രക്ഷിതാക്കൾ പറയുന്നു.
പോസ്റ്റു മോർട്ടം റിപ്പോർട്ടിൽ നേഹ തൂങ്ങി മരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പറയുന്നു. പ്രദീപിനെ കൂടുതൽ ചോദ്യം ചെയ്തു വരുന്നതായി പൊലിസ് അറിയിച്ചു. കേസിൽ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് നേഹയുടെ ബന്ധുക്കൾ അറിയിച്ചു.