വിപ്ലവ സൂര്യൻ എരിഞ്ഞടങ്ങി

At Malayalam
2 Min Read

‘കണ്ണേ കരളേ വി എസേ, ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ ‘ – ചങ്കുപൊട്ടി വിളിച്ച സഖാക്കളുടെ സ്നേഹ വായ്പ്പിൻ്റെ കാതടപ്പിക്കുന്ന ശബ്ദഘോഷത്തിൽ വി എസ് ജന്മനാടായ പുന്നപ്രയിലെ, വിപ്ലവ സ്മരണകൾ മാത്രം നിറഞ്ഞു നിൽക്കുന്ന വലിയ ചുടുകാട്ടിലെ ചിതയിൽ എരിഞ്ഞമർന്നു. ലക്ഷകണക്കിന് സാധാരണക്കാരൻ്റെ കണ്ണീർ വീണു കുതിർന്നു പോയ വിലാപയാത്രാ വഴികൾ ഉടനീളം വികാരനിർഭരമായിരുന്നു. അഞ്ചു വയസു മുതൽ ജീവിത സായാഹ്നത്തിൽ എത്തി നിൽക്കുന്നവർവരെ തങ്ങളുടെ പ്രിയപ്പെട്ട സഖാവിനെ ഒരു നോക്കു കാണാനുള്ള പരക്കം പാച്ചിലിൽ ആയിരുന്നു കഴിഞ്ഞ 3 ദിവസവും. മണിക്കുറുകളോളം മഴനനഞ്ഞും ഒന്നിരിക്കാനോ നേരേ നിവർന്നുനിൽക്കാനോ പോലും കഴിയാത്ത ആൾത്തിരക്കിൽ ജീവനറ്റ തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ അവർ തിരക്കൊന്നുമില്ലാതെ കാത്തു നിന്നു.

നമ്മുടെ ചില മിഥ്യാധാരണകളൊക്കെയാണ് കഴിഞ്ഞ 3 ദിവസം കൊണ്ട് അപ്രസക്തമായത്. മൂന്നക്ക പ്രായം പിന്നിട്ട ഒരാൾ, പൊതു വേദികളിൽ കണ്ടിട്ടോ പഴയ പോലെ കാമ്പുള്ള ഒരു പ്രസ്താവനയോ ഒരു വിഷയം സമൂഹത്തിൽ ഉന്നയിച്ചിട്ടോ ഒരു ഇടപെടൽ നടത്തിയിട്ടോ 7 കൊല്ലമായി. കേവലം 5 കൊല്ലം മാത്രം മുഖ്യമന്ത്രിക്കസേരയിൽ, പിന്നുള്ളത് പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം മാത്രം. എന്നിട്ടും ……എന്നിട്ടും ജനമനസ്സിൽ വി എസ് തുളുമ്പി നിന്നിരുന്നു എന്നതാണ് നമ്മുടെ ചില അബദ്ധ ധാരണകളെ അപ്രസക്തമാക്കിയത്. തൊണ്ടപ്പൊട്ടുന്ന ഉച്ചത്തിൽ വി എസിന് അന്ത്യാഭിവാദ്യം അർപ്പിച്ചവരിൽ പകുതിയിലധികവും 20 നും 30 നും ഇടയിൽ പ്രായമുള്ളവരാണ്. വി എസ് സജീവമായിരുന്ന കാലത്ത് ഇവർ കൗമാരത്തിലോ അതിലും താഴെയോ ആയിരിക്കണം. എന്നാൽ ആ മനസുകളിൽ പോലും നടന്നു കയറാൻ വി എസിന് ആയങ്കിൽ…. കേരളത്തിന് ആരായിരുന്നു വി എസ് എന്ന് വിശദീകരിക്കേണ്ടതുണ്ടോ?

പുന്നപ്ര – വയലാർ സമരകാലത്ത് ജീവനോടെയും അല്ലാതെയും സമരക്കാരെ, പച്ച മനുഷ്യരെ പെട്രോൾ ഒഴിച്ചു കത്തിച്ച 40 സെൻ്റ് പറമ്പ്. വലിയ ചുടുകാട് എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ശ്മശാന ഭൂമി. അന്നത്തെ പാർടി ജില്ലാ സെക്രട്ടറിയായിരുന്ന വി എസിൻ്റെ പേരിൽ സർക്കാർ പതിച്ചു കൊടുത്ത അതേ മണ്ണ്. അവിടെ തന്നെയാണ് വി എസും അന്ത്യവിശ്രമത്തിന് എത്തിയത്. തൻ്റെ രാഷ്ട്രീയ ഗുരുനാഥൻ കൂടിയായ പി കൃഷ്ണപിള്ള ഉറങ്ങുന്ന അതേ മണ്ണിൽ ഇനി വി എസിൻ്റെ കുടീരവും ഉയരും. വിട…… കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിക്ക്, മനുഷ്യസ്നേഹിക്ക് വിട. ലക്ഷകണക്കിന് സാധാരണക്കാരുടെ ചങ്കിലെ റോസാപ്പൂവായി….. കണ്ണായി….. കരളായി വി എസ് ഇനി ജീവിക്കും. പ്രിയ സഖാവിന് ലാൽ സലാം.

Share This Article
Leave a comment