ശ്രീശാന്തിൻ്റെ മകളുടെ ചോദ്യം തന്നെ തകർത്തുകളഞ്ഞന്ന് ഹർഭജൻ സിംഗ്

At Malayalam
1 Min Read

കുറച്ചു കാലം മുമ്പ് തൻ്റെ സഹകളിക്കാരൻ ശ്രീശാന്തിൻ്റെ മകളെ കണ്ടപ്പോൾ സ്നേഹത്തോടെ താൻ അരികിലെത്തി കുട്ടിയോടു സംസാരിക്കാൻ ശ്രമിച്ചതായി മുൻ ഇന്ത്യൻ ക്രിക്കറ്റു താരം ഹർഭജൻ സിംഗ്. എന്നാൽ , മുഖം തിരിച്ച കുട്ടി പറഞ്ഞ വാക്കുകൾ തന്നെ ഞെട്ടിച്ചു കളഞ്ഞതായി ഹർഭജൻ പറയുന്നു. നിങ്ങൾ എൻ്റെ അച്ഛനെ തല്ലിയ ആളല്ലേ, ഞാൻ നിങ്ങളോട് സംസാരിക്കാനില്ല എന്നാണ് കുട്ടി മറുപടി നൽകിയത്. ഒരു യു ട്യൂബ് ചാനലുമായി സംസാരിക്കവേയാണ് ഹർഭജൻ ഇക്കാര്യം പറഞ്ഞത്. ആ മകളുടെ വാക്കുകൾ എന്നെ തകർത്തു കളഞ്ഞു, ഞാൻ കരച്ചിലിൻ്റെ വക്കത്തായി, എന്നെപ്പറ്റി അവൾ എന്താണ് കരുതിയിരിക്കുന്നത് എന്നത് എൻ്റെ ഹൃദയത്തെ നുറുക്കി കളയുന്നതായിരുന്നു – ഹർഭജൻ പറയുന്നു.

ആ കുഞ്ഞിൻ്റെ മനസിൽ അവളുടെ പിതാവിനെ തല്ലിയ ഒരു ഹീനനായി മാത്രമായിരിക്കുമല്ലോ എന്നെ കാണുക എന്നതോർത്ത് ഞാൻ വിതുമ്പി. അതോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. അന്ന് അറിവില്ലാതെ സംഭവിച്ചു പോയ ആ തെറ്റിന് ഞാൻ ഒരായിരം തവണ മാപ്പു പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ഞാൻ ശ്രീശാന്തിനോടും മകളോടും മാപ്പു ചോദിക്കുന്നു. ജീവിതത്തിൽ ഒരിക്കലും ആവർത്തിക്കില്ല എന്ന് ഞാൻ എല്ലാവരോടും പറയുന്ന കാര്യമാണ് 2008 ലെ ആ സംഭവം. എൻ്റെ കരിയറിൽ നിന്ന് മായ്ച്ചുകളയാൻ ഞാൻ ആഗ്രഹിക്കുന്ന സംഭവവും അതു തന്നെ – ഹർഭജൻ പറയുന്നു.

2008 ൽ നടന്ന ആ സംഭവ ശേഷം ശ്രീശാന്തും ഹർഭജനും നല്ല സുഹൃത്തുക്കളാവുകയും നിരവധി മത്സരങ്ങളിൽ ഒരുമിച്ചു കളിക്കുകയും ചെയ്തിട്ടുണ്ട്. 2011 ൽ ഏകദിന ലോകകപ്പിലും ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു.

Share This Article
Leave a comment