സംസ്ഥാനത്ത് നാളെ ( ജൂലൈ – 22 ) മുതൽ പണി മുടക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. അനിശ്ചിത കാലത്തേക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഗതാഗത മന്ത്രിയടക്കം ബസുടമകളുമായി ചർച്ച നടത്തിയിരുന്നെങ്കിലും സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുന്നതും വിദ്യാർഥികളുടെ സൗജന്യയാത്രാ നിരക്ക് സംബന്ധിച്ചും സർക്കാരും ബസുടമകളും തമ്മിൽ ധാരണയിൽ എത്താനാകാത്തതാണ് സമരത്തിന് കാരണമായി പറയുന്നത്.
സ്വകാര്യ ബസുടമകൾ ഉന്നയിച്ച രണ്ട് പ്രധാന ആവശ്യങ്ങളും ഉടൻ ചർച്ച ചെയ്യാമെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും വിഷയങ്ങളിൽ ചർച്ചയൊന്നും ഉണ്ടായിട്ടില്ല. ഈ മാസം 22 ന് മുമ്പ് വിദ്യാർഥികളുടെ യാത്രാ നിരക്ക് സംബന്ധിച്ച് ഗതാഗത സെക്രട്ടറി വിദ്യാർഥികളുമായി ചർച്ച നടത്തുമെന്നും പെർമിറ്റ് വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് വേണ്ടത് ചെയ്യാമെന്നും മന്ത്രി അറിയിച്ചിരുന്നതായി ബസുടമകൾ പറയുന്നു. എന്നാൽ രണ്ടു വിഷയങ്ങളിലും നടപടി ഉണ്ടായില്ല എന്നതാണ് ബസുടമകളെ സമരം ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്.
മന്ത്രിയുമായുള്ള ചർച്ചയിൽ തങ്ങൾ തൃപ്തരാണെന്ന് അറിയിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഫോറം എന്ന സംഘടന സമരത്തിൽ നിന്ന് പിൻമാറിയിരുന്നു. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക, വ്യാജ കൺസഷൻ തടയുക, 140 കിലോമീറ്ററിലധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ മുൻ നിർത്തി കഴിഞ്ഞ എട്ടാം തീയതി ബസുടമകൾ സൂചനാ പണി മുടക്കും നടത്തിയിരുന്നു.
