മലപ്പുറം നിലമ്പൂർ ആ ടി ഒ ഓഫിസിലെ പിന്നാമ്പുറത്ത ജനാല വഴി ഇന്നലെ പറന്ന് കുറ്റിച്ചെടികൾ നിറഞ്ഞ പറമ്പിൽ ‘ ലാൻ്റ് ‘ ചെയ്തത് ഏകദേശം 50,000 രൂപയുടെ നോട്ടുകളാണ്. ഫ്രണ്ട് ഓഫിസിൽ വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഈ നോട്ടുകൾ ‘തനിയേ ‘പറന്നു കളിച്ചത്. ‘പറപ്പിച്ച ‘ ആളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്.
ഇതേ ഓഫിസിൽ നിന്ന് ‘കാര്യങ്ങൾ ‘ സുഗമമായി നടത്തിക്കൊടുക്കുന്ന രണ്ട് ഏജൻ്റുമാരെയും വിജിലൻസുകാർ പൊക്കിയിരുന്നു. 7,120 രൂപ ഇവരുടെ പോക്കറ്റിൽ ‘ വെറുതേ ‘ ഇരിക്കുന്നുണ്ടായിരുന്നു. കൃത്യമായ ഉത്തരം അതിനുമില്ല. ‘ ഇപ്പോ ഡെൽഹിന്ന് കൊള്ളാവുന്ന വാഹനങ്ങളൊക്കെ ചെറിയ വിലയ്ക്ക് വരുന്ന സമയമല്ലേ സാറേ …….. അതിൻ്റെ ചില ഇടപാടുകളൊക്കെ ആയിട്ട് വന്നതാ സാറേ …. അതായത് രമണാ ….അയിന് ബുക്കും പേപ്പറും ഒണ്ടാക്കണം, പിന്നെ പുതിയ വണ്ടീടെ രജിസ്ട്രേഷൻ, ലൈസൻസ്, ഫിറ്റ്നസ് എന്നു പറയുന്ന ‘കോമഡി ‘ – ഇതൊക്കെ തന്നെയാണ് അണ്ണൻമാരുടെ പരിപാടി. എല്ലാം കൂടി ചേർത്ത് യേമാൻമാർക്ക് ഞങ്ങളങ്ങ് കൊടുത്തോളാം നിങ്ങളൊന്നുമറിയണ്ടന്ന സാറ്റിസ്ഫാക്ടറി ലൈൻ.
മലപ്പുറത്തെ തന്നെ തിരൂരുള്ള ജോയിൻ്റ് ആർ ടി ഒ ഓഫിസിലെ സ്ഥിതി വ്യത്യസ്ഥമായിരുന്നു. ഡ്യൂട്ടിയിലുള്ള 4 ഉദ്യോഗസ്ഥർ എങ്ങോട്ടു പോയെന്ന് ആർക്കും അറിയില്ല. ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ സി സി റ്റി വി ക്യാമറയുണ്ട്, പക്ഷേ പ്രവർത്തിക്കില്ല എന്ന ഒരു ഗുണമുണ്ട്. തങ്ങളുടെ പക്കൽ എത്ര കാശുണ്ടന്ന് എഴുതി വക്കേണ്ടുന്ന രജിസ്റ്റർ പൊടിപിടിച്ച് ഇരിപ്പുണ്ട്. ‘അതിപ്പം അറിയാൻ വൈകീട്ട് ഒരു ആറ് ആറരയൊക്കെ ആവണ്ടേ സാറേ ‘ എന്നാർക്കാണ് അറിഞ്ഞു കൂടാത്തത്.
എന്തായാലും മലപ്പുറത്തൂന്ന് തുടങ്ങിയ മിന്നൽ പരിശോധന തുടരുമോ എന്ന് വരും നാളുകളിൽ കണ്ടറിയേണ്ടിയിരിക്കുന്നു.
