തിരുവനന്തപുരം ജില്ലയിലെ വർക്കല പുല്ലാനികോട് ജംഗ്ഷനിൽ തെരുവു നായ ആക്രമണത്തിൽ ഒൻപത് വയസ്സുകാരൻ ഉൾപ്പെടെ മൂന്നു പേർക്ക് കടിയേറ്റു. വർക്കല പുല്ലാനികോട് സ്വദേശിയായ കാശി(9) , പുല്ലാന്നികോട്, പുത്തൻവിള വീട്ടിൽ ലളിതാംബിക (62), പുല്ലാന്നികോട് പ്ലാവിള വീട്ടിൽ ബീന (56) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. റോഡിൽ കൂടി നടന്നുവന്ന പുല്ലാന്നികോട് സ്വദേശിയായ ഷംസീർ (19) എന്ന വിദ്യാർത്ഥിയെ നായ കടിക്കാൻ ശ്രമിച്ചെങ്കിലും ബാഗ് കൊണ്ട് അടിച്ചോടിച്ചു രക്ഷപ്പെടുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് പ്രദേശത്ത് നായകളുടെ ആക്രമണം ഉണ്ടായത്. വർക്കല പുല്ലാനികോട് സ്വദേശിയായ ജെയ്സന്റെ ഒൻപത് വയസ്സുള്ള മകൻ കാശിയെയാണ് നായ ആദ്യം ആക്രമിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്നു കുട്ടിയെ നായ പെട്ടെന്ന് നിലത്ത് തള്ളിയിട്ട് കടിക്കുകയായിരുന്നു. കുട്ടിയുടെ കാലിന് ഗുരുതരമായ പരിക്കു പറ്റിയിട്ടുണ്ട്.
റോഡിലൂടെ നടന്നു പോകുകയായിരുന്ന മറ്റു നിരവധിപേരേയും നായ ആക്രമിച്ചതായി പറയുന്നു. ലളിതാംബികയുടെ കാലിലാണ് നായയുടെ കടിയേറ്റത്. മാംസം ഇളകി മാറിയ നിലയിലാണ്. ബീനയുടെ കഴുത്തിലും കാലിലും കയ്യിലും ആഴത്തിലുള്ള മുറിവുകളാണ്. നായയുടെ കടിയേറ്റ മൂന്നു പേരും പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ തേടി. പലരുടേയും പരിക്കുകൾ ഗുരുതരമാണന്നാണ് വിവരം.