ഷെറിൻ ജയിൽ മോചിതയായി

At Malayalam
1 Min Read

ചെങ്ങന്നൂരിലെ ഭാസ്ക്കര കാരണവർ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിൽവാസമനുഭവിച്ചു വന്ന പ്രതി ഷെറിൻ ജയിൽ മോചിതയായി. ആരെയും അറിയിക്കാതെ അതീവ രഹസ്യമായി ജയിലിൽ എത്തിയ പ്രതി നടപടികൾ പൂർത്തിയാക്കി മടങ്ങിയെന്നാണ് വിവരം. നിലവിൽ ഷെറിൻ പരോളിലായിരുന്നു. കഴിഞ്ഞ 22 ന് പരോൾ കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ജയിൽ മോചനത്തിനുളള അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ന് കണ്ണൂര്‍ വനിത ജയിലിൽ എത്തി പുറത്തു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇറങ്ങിയത്.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞു വന്ന ഷെറിന് ശിക്ഷയിൽ ഇളവ് അനുവദിക്കാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. 14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം നൽകാൻ തീരുമാനമെടുത്തത്. 2009 നവംബർ മാസത്തിലാണ് ഷെറിന്‍റെ ഭർതൃപിതാവ് കൂടിയായിരുന്ന കാരണവർ വില്ല എന്ന വീട്ടിൽ ഭാസ്ക്കര കാരണവർ കൊല്ലപ്പെടുന്നത്. കാരണവരുടെ മരുമകളായ ഷെറിൻ ഒന്നാം പ്രതിയും ഷെറിന്റെ പുരുഷ സുഹൃത്തുക്കളുമാണ് കൊലപാതകത്തിൽ പ്രതികളായിരുന്നത്.

ഈ കൊലപാതകത്തിൽ വേ​ഗത്തിൽ പ്രതികളെ കണ്ടെത്താൻ അന്ന് പൊലീസിന് സാധിച്ചിരുന്നു. വീടിനകത്തുള്ള ആരുടെയെങ്കിലും സ​ഹായമില്ലാതെ, പുറത്തു നിന്ന് എത്തുന്നവർക്ക് ശക്തൻമാരായ നായ്ക്കളുള്ള വീട്ടിലെത്തി, കൊല നടത്താൻ കഴിയില്ലെന്നായിരുന്നു പൊലീസിൻ്റെ നിഗമനം. അത്തരത്തിൽ ചോദ്യം ചെയ്യൽ മുന്നോട്ടു പോയപ്പോഴാണ് മരുമകൾ ഷെറിനിലും അവരുടെ സുഹൃത്തുക്കളിലുമായി അന്വേഷണം ചുരുങ്ങിയതും കൃത്യമായി അവരെ പിടികൂടിയതും. ഷെറിന്‍റെ ചില വഴിവിട്ട ബന്ധങ്ങൾ ഭാസ്ക്കര കാരണവർ എതിർത്തതായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലിസ് കണ്ടെത്തിയത്.

Share This Article
Leave a comment