അത്യാധുനിക ഹൈപ്പർസോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വികസിപ്പിച്ചു

At Malayalam
1 Min Read

ശബ്‌ദത്തേക്കാൾ എട്ടു മടങ്ങ് വേഗതയില്‍ സഞ്ചരിക്കുകയും 1,500 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കുകയും ചെയ്യുന്ന മിസൈൽ ഇന്ത്യ വികസിപ്പിച്ചെടുത്തു. എക്‌സ്റ്റന്‍റഡ് ട്രാജക്‌ടറി ലോംഗ് ഡ്യൂറേഷൻ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ (E T – L D H C M )​ എന്ന ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ നാളിതുവരെ വികസിപ്പിച്ച ഏറ്റവും അത്യാധുനികമായ മിസൈല്‍ സംവിധാനമാണ്. അടുത്ത തലമുറ ഹൈപ്പർസോണിക് ആയുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള ക്ലാസിഫൈഡ് പ്രോഗ്രാമായ പ്രോജക്ട് വിഷ്ണുവിനു കീഴിൽ നിർമ്മിച്ച പുതിയ മിസൈൽ ഡി ആര്‍ ഡി ഒ കഴിഞ്ഞദിവസം വിജയകരമായി പരീക്ഷിച്ചു.

നിലവിലെ ബ്രഹ്മോസ്, അഗ്നി – 5, ആകാശ് മിസൈലുകളെക്കാൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ ഈ മിസൈലിന് സാധിക്കും. മാക് 8 വേഗതയില്‍ 1 ,500 കി മീ അകലെയുള്ള ലക്ഷ്യങ്ങൾ വരെ തകർക്കാൻ ഇതിനു കഴിയുമെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ മിസൈലുകൾ തിരിയുന്ന കംപ്രസറിന്‍റെ ബലത്തിലാണ് മുന്നോട്ട് സഞ്ചരിച്ചിരുന്നതെങ്കിൽ, പുതിയ മിസൈലിൽ എയർ ബ്രീത്തിംഗ് പ്രൊപ്പൽഷൻ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഓക്‌സിജൻ വഴി പ്രവർത്തിക്കുന്ന സ്‌ക്രാംജെറ്റ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറവാണെന്നു മാത്രമല്ല, 2000 ഡിഗ്രി സെൽഷ്യസ് വരെ താപനിലയെ നേരിടാൻ ഇതിനു കഴിയും. കരയിൽ നിന്നോ കപ്പലുകളിൽ നിന്നോ വിമാനങ്ങളിൽ നിന്നോ വിക്ഷേപിക്കാൻ കഴിയുന്ന മിസൈലിന് 2 ആണവ പോർമുലകളെ വഹിക്കാനും കഴിയും. താഴ്ന്ന ഉയരത്തിൽ പറക്കുന്നതിനാൽ റഡാറുകള്‍ക്ക് ഇവയെ കണ്ടെത്താൻ പ്രയാസമാണ്. ആകാശത്തു വെച്ചുതന്നെ ഗതി ക്രമീകരിക്കാൻ കഴിയുന്ന തരത്തില്‍ ഡിസൈന്‍ ചെയ്ത മിസൈലുകളാണിത്.

പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് ഡി ആര്‍ ഡി ഒ രൂപകൽപ്പന ചെയ്ത ഈ മിസൈലിൻ്റെ നിർമ്മാണത്തിൽ സ്വകാര്യ സംരംഭകരും പങ്കാളികളായിട്ടുണ്ട്. നിലവിൽ ചൈനയ്‌ക്കും റഷ്യയ്‌ക്കും അമേരിക്കയ്‌ക്കും മാത്രമേ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയുള്ളൂ. ഈ രാജ്യങ്ങൾക്ക് ഒപ്പമാണ് ഇനി ഇന്ത്യയുടെ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലും സ്ഥാനം പിടിക്കുന്നത്.

Share This Article
Leave a comment