കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ബന്ധപ്പെട്ടവരുടെ ചില അനാസ്ഥകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നാളെ ലഭിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കുട്ടിയുടെ മരണത്തിൽ തേവലക്കര സ്കൂൾ മാനേജ്മെന്‍റിനും കെ എസ് ഇ ബിയ്ക്കും പഞ്ചായത്തിനും സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് വിവരങ്ങൾ. താഴ്ന്നു കിടക്കുന്ന വൈദ്യുതിലൈൻ മാറ്റുന്നതിൽ മാനേജ്മെന്‍റിന്‍റെയും കെ എസ് ഇ ബിയുടെയും ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് മിഥുന്‍റെ മരണത്തിനു കാരണമായത്. തദ്ദേശഭരണ വകുപ്പിന്‍റെ എഞ്ചിനീയർ ഇതൊന്നും പരിഗണിക്കാതെയാണ് സ്കൂളിന് ഫിറ്റ്നസ് നൽകിയിരുന്നത്.