കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച വിഷയത്തിൽ ചാന്‍സലർ കൂടിയായ ഗവർണർക്ക് കോടതിയിൽ നിന്ന് വൻ തിരിച്ചടി. ഗവർണറുടെ അപ്പീൽ ഹൈക്കോടതി തള്ളി. ഈ രണ്ടു സർവകലാശാലകളിലും സർക്കാർ പാനലിൽ നിന്നല്ലാതെ താൽക്കാലിക വിസിമാരെ നിയമിച്ച ഗവർണറുടെ നടപടി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതു ശരി വച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി വി ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ച് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്.
കേരള സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി ഡോ കെ.ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ താൽക്കാലിക വിസിയായി ഡോ സിസ തോമസിനെയും നിയമിച്ചതിനെതിരെ സർക്കാരായിരുന്നു സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരുന്ന സമയത്താണ് ഈ രണ്ടു നിയമനങ്ങളും നടത്തിയത്. ഇരു സർവകലാശാലകളിലും പുതിയ വൈസ് ചാൻസലർമാരെ കണ്ടെത്താൻ സർക്കാർ പാനൽ നൽകിയെങ്കിലും ഗവർണർ, ശിവപ്രസാദിനെയും സിസ തോമസിനേയും നിയമിക്കുകയായിരുന്നു. സര്‍ക്കാര്‍ നല്‍കിയ പാനലിന് പുറത്തുനിന്നായിരുന്നു ചാന്‍സലറുടെ താല്‍ക്കാലിക വി സി നിയമനമെന്നും ഇത് സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നുമാണ് സർക്കാർ വാദിച്ചത്.
2023 ഫെബ്രുവരിയിൽ ഡോ സിസ തോമസ് കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടിയെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു അന്ന് ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ നിലവിലെ ഗവർണർ രാജേന്ദ്ര അർലേക്കറാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. യു ജി സി ചട്ടങ്ങൾ പ്രകാരം ചാൻസലർക്കാണ് വി സിമാരുടെ നിയമനാധികാരമെന്നും, യു ജി സി ചട്ടങ്ങളിലെ വ്യവസ്ഥകൾ സംബന്ധിച്ച് തർക്കത്തിനു വ്യക്തത വരുത്തേണ്ടത് യു ജി സിയാണെന്നും, എന്നാൽ യു ജി സിയെ കേട്ടിട്ടില്ലെന്നുമുള്ള വാദങ്ങളാണ് ഗവർണർ മുന്നോട്ടു വച്ചത്. എന്നാൽ ഇത് തള്ളി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
സര്‍ക്കാരിന്റെ ശുപാർശ പരിഗണിച്ചു മാത്രമേ പുതിയ നിയമനം നടത്താവൂ എന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി. താൽക്കാലിക വി സിയാണെങ്കിലും യു ജി സി ചട്ടങ്ങൾക്ക് അനുസൃതമായ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും സിംഗിൾ ബെഞ്ച് നിർേദശിച്ചിരുന്നു. ഇക്കാര്യം ശരിവച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ല എന്നു വ്യക്തമാക്കി ഗവർണറുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയിരിക്കുന്നത്. സ്ഥിരം വിസി നിയമനത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഗവർണറും സംസ്ഥാന സർക്കാരും ക്രിയാത്മകമായി ഇടപെടാനും സിംഗിൾ ബെഞ്ചിനെപ്പോലെ തന്നെ ഡിവിഷൻ ബെഞ്ചും നിർദേശിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആർ ബിന്ദു, പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻ കുട്ടി എന്നിവർ കോടതി വിധിയെ സ്വാഗതം ചെയ്തു.