പാലക്കാട് പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് രണ്ടു കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ പെട്രോൾ ടാങ്കിലേക്ക് തീ പടർന്നതാകാം അപകട കാരണമെന്ന നിഗമനത്തിൽ മോട്ടോർ വാഹന വകുപ്പ്. പെട്രോൾ ട്യൂബ് ചോർന്ന് സ്റ്റാർട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം വീണിരിക്കാമെന്നും വാഹനം സ്റ്റാർട്ട് ചെയ്‌തപ്പോൾ സ്പാർക്ക് ഉണ്ടായി തീ പെട്രോൾ ടാങ്കിലേക്ക് പടർന്നതാകാമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. ഇങ്ങനെയാകാം അപകടമുണ്ടായത് എന്നു തന്നെയാണ് വിഭഗ്ധരും അഭിപ്രായപ്പെടുന്നത്.
ആറും നാലും വയസുള്ള രണ്ടു കുട്ടികളാണ് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. കുട്ടികളുടെ മാതാവ് അതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. അവരുടെ മകളായ മറ്റൊരു പെൺകുട്ടിയും പൊള്ളലേറ്റ് ചികിത്സയിലാണ്. ഇവരുടെ ചികിത്സാ ചെലവ് മുഴുവൻ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി നേരത്തേ തന്നെ അറിയിച്ചിരുന്നു.