സംസ്ഥാനത്ത് മന്ത്രിമാരുടെയും മറ്റ് ഭരണഘടനാ പദവിയിലുള്ളവരുടെയും പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ വാങ്ങുന്നതിന് സർക്കാർ പുതിയ നിബന്ധന കർശനമാക്കി. പെൻഷൻ തുടർന്നും ലഭിക്കുന്നതിന്, ഗുണഭോക്താക്കൾ ഓരോ വർഷവും തങ്ങൾ മറ്റു ജോലികൾക്കൊന്നും പോകുന്നില്ലെന്ന് തെളിയിക്കുന്ന തൊഴിൽരഹിത സർട്ടിഫിക്കറ്റ്’ ഹാജരാക്കണം. വില്ലേജ് ഓഫീസറാണ് ഈ സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി.
അക്കൗണ്ടന്റ് ജനറലിന്റെ ( എ ജി ) റിപ്പോർട്ടുകളിൽ പലതവണ ആവർത്തിച്ചുള്ള നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ വാങ്ങുന്ന പലരും മറ്റു ജോലികൾ ചെയ്ത് വരുമാനം നേടുന്നുണ്ടെന്നും, ഇത് ചട്ടവിരുദ്ധമാണെന്നും എ ജി ചൂണ്ടിക്കാട്ടിയിരുന്നു. ആറുമാസം കൂടുമ്പോൾ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു എ ജിയുടെ ശുപാർശയെങ്കിലും വർഷത്തിൽ ഒരിക്കൽ ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം നൽകിയാൽ മതിയെന്നാണ് ധനവകുപ്പിന്റെ ഇപ്പോഴത്തെ ഉത്തരവ്.
ആർക്കൊക്കെ ബാധകം
- 70 വയസ്സിൽ താഴെയുള്ള പേഴ്‌സണൽ സ്റ്റാഫ് പെൻഷൻകാർ.
- പേഴ്‌സണൽ സ്റ്റാഫിന്റെ മരണശേഷം കുടുംബപെൻഷൻ വാങ്ങുന്നവർ.
- 18 മുതൽ 25 വയസ്സു വരെയുള്ള മറ്റു കുടുംബപെൻഷൻകാർ.
രാജ്യത്തിനകത്തോ പുറത്തോ സർക്കാർ, സ്വകാര്യ, സഹകരണ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി ഒരു മേഖലയിലും ജോലി ചെയ്യുന്നില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസർക്ക് നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സർട്ടിഫിക്കറ്റ് ലഭിക്കുക. ഈ സർട്ടിഫിക്കറ്റ് ട്രഷറിയിൽ സമർപ്പിച്ചാൽ മാത്രമേ അടുത്ത വർഷം മുതൽ പെൻഷൻ തുടർന്ന് ലഭിക്കുകയുള്ളൂ.