ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല അര്‍ത്തുങ്കല്‍ പൊലീസ് സ്‌റ്റേഷന് പ്രവര്‍ത്തന മികവിന് , കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ (ബി ഐ എസ്) ഐ എസ് ഒ അംഗീകാരം ലഭിച്ചു. ദേശീയ തലത്തില്‍ ആദ്യമായിട്ടാണ് ഒരു പൊലീസ് സ്‌റ്റേഷന് ബി ഐ എസ് അംഗീകാരം ലഭിക്കുന്നത്. കൂടാതെ ഇതാദ്യമായാണ് ഒരു ദേശീയ ഏജന്‍സി സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തി ഒരു പൊലീസ് സ്‌റ്റേഷന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും.
ക്രമസമാധാനപാലനം, കുറ്റാന്വേഷണം, പ്രവര്‍ത്തനങ്ങളിലെ ഗുണമേന്മ, പരാതികള്‍ തീര്‍പ്പാക്കുന്നതിലെ വേഗത, അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, ഹരിത പെരുമാറ്റച്ചട്ടം, ഫയലുകള്‍ സൂക്ഷിക്കുന്നതിലെ കൃത്യത, ഉദ്യോസ്ഥരുടെ മികച്ച പെരുമാറ്റം, ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ആധുനിക സംവിധാനം പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ ഘടകങ്ങളാണ് പുരസ്‌കാരത്തിൻ്റെ മാനദണങ്ങൾ.
ജനമൈത്രി പൊലീസിങ്ങിന്റെ ഭാഗമായി സ്‌റ്റേഷന്‍ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും സൈബര്‍ ക്രൈം, ലഹരിമരുന്ന് വ്യാപനം എന്നിവ സംബന്ധിച്ച് 10,000 ത്തോളം കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ബോധവത്കരണ ക്ലാസുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ചേര്‍ത്തല എ എസ് പി ഹരീഷ് ജെയിനിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മോഡെര്‍നൈസ്ഡ് ചേര്‍ത്തല പൊലീസ് പ്രോഗ്രാമിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്.
അര്‍ത്തുങ്കല്‍ പൊലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ബി ഐ എസ് ദക്ഷിണ മേഖലാ പ്രതിനിധി പ്രവീണ്‍ ഖന്നയില്‍ നിന്നും അര്‍ത്തുങ്കല്‍ എസ് എച്ച് ഒ പി ജി മധു, സബ് ഇന്‍സ്‌പെക്ടര്‍ ഡി സജീവ് കുമര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌ക്കാരം കൈപ്പറ്റി. സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്ര ശേഖര്‍ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ ഉണ്ടായിരുന്നു.