നിപ സമ്പർക്കപ്പട്ടികയിലുള്ള യുവതി മരിച്ചു, സംസ്ക്കാരം നടത്തരുതെന്ന് ആരോഗ്യവകുപ്പ്

At Malayalam
1 Min Read

മലപ്പുറം കോട്ടയ്ക്കലിൽ നിപ സമ്പർക്കപ്പട്ടികയിലുള്ള യുവതി മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്.

മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമത്തെ ആരോഗ്യവകുപ്പ് തടഞ്ഞിരിക്കുകയാണ്. പരിശോധനാഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോൾ പ്രകാരം ഇവർ ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലായിരുന്നു. അതേസമയം നിപ സംശയത്തെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളജിൽ ഐസൊലേഷനിലുള്ള ഏഴു പേരുടെ സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവായി.

ഇക്കഴിഞ്ഞ ആറിന് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധനാ ഫലമാണ് കഴിഞ്ഞദിവസം ലഭിച്ചത്. ഇതോടെ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ തച്ചനാട്ടുകര സ്വദേശിയായ 38 കാരിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നവരിൽ പനി ബാധിച്ച മുഴുവൻ പേരുടെയും സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായി. അതിനിടെ നിപ ഭീഷണിയുടെ കാരണം കണ്ടെത്താൻ പാലക്കാട് ജില്ലയിൽ നായ്ക്കളുടെയും പൂച്ചകളുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. നിപാ ബാധിതപ്രദേശമായ തച്ചനാട്ടുകരയിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഇതിലൂടെ നിപയുടെ ഉറവിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

- Advertisement -
Share This Article
Leave a comment