യെമനിൽ തടവിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16 ന് നടപ്പിലാക്കും. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ ഒപ്പു വച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യെമൻ പൗരനും നിമിഷയുടെ സുഹൃത്തുമായിരുന്ന തലാൽ അബ്ദു മഹ്ദി വധിക്കപ്പെട്ട കേസിലാണ് നിമിഷ ജയിലിൽ കിടക്കുന്നത്.
വധശിക്ഷ ഒഴിവാക്കാൻ മഹ്ദിയുടെ കുടുംബം ആവശ്യപ്പെട്ടത് ഒരു മില്യൺ ഡോളർ ആണെന്നാണ് വിവരം. ഇത് ഏകദേശം 8.67 കോടി ഇന്ത്യൻ രൂപയുണ്ടാകും. നിമിഷപ്രിയയുടെ കേസിൽ ഇടപെട്ട മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം, മോചനത്തിനുള്ള എല്ലാ വഴികളും അടഞ്ഞതായി പറയുന്നു. മഹ്ദിയുടെ കുടുംബം മാപ്പു നൽകിയാലല്ലാതെ നിമിഷപ്രിയയെ രക്ഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017 ലാണ് മഹ്ദി കൊല്ലപ്പെട്ടത്. ഇതിനിടയിൽ നിമിഷയെ രക്ഷിക്കാൻ പല വഴികൾ തേടിയെങ്കിലും ദൗത്യം ഫലവത്തായിരുന്നില്ല. മഹ്ദിയുടെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചിരുന്നില്ല.