ഇന്നത്തെ പണിമുടക്കിൽ പങ്കെടുത്ത് ജോലിക്കെത്താത്തവർക്ക് ഡയസ്നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ജോലിക്കെത്താത്തവരുടെ ഒരു ദിവസത്തെ ശമ്പളം ആഗസ്റ്റ് മാസത്തെ ശമ്പളത്തിൽ പിടിച്ചുവയ്ക്കുമെന്നാണ് സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. അത്യാവശ്യ കാര്യങ്ങളുള്ളവർ കൃത്യമായി തെളിവു സഹിതം ഹാജരാക്കിയാൽ മാത്രമേ ലീവ് അനുവദിച്ചു നൽകുകയുള്ളു.
പ്രസവം, കടുത്ത അസുഖങ്ങൾ, പരീക്ഷകൾ എന്നിവ പോലുള്ള അത്യാവശ്യക്കാർക്ക് നിയമാനുസൃതമായ അവധി അനുവദിക്കാമെന്ന് സംസ്ഥാന സർക്കാർ ഇന്നലെ പുറത്തിറക്കിയ പ്രത്യേക സർക്കുലറിൽ പറയുന്നു. ജീവനക്കാർക്കോ ജീവനക്കാരുടെ അടുത്ത ബന്ധുക്കൾക്കോ ആവണം ഇത്തരം വിഷയങ്ങൾ ഉണ്ടാകേണ്ടത്. അതായത് അച്ഛൻ, അമ്മ, കുട്ടികൾ, ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്നിവരിൽ ആർക്കെങ്കിലും ആയിരിക്കണം എന്നു സാരം. അല്ലാത്തവർക്ക് യാതൊരു വിധത്തിലുള്ള അവധിയും അനുവദിക്കില്ല.
ജോലിക്കെത്താത്ത താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്നു പിരിച്ചുവിടും. പൊതുമുതൽ നശിപ്പിക്കുകയോ അക്രമത്തിൽ ഏർപ്പെടുകയോ ചെയ്താൽ കേസെടുക്കും. ജീവനക്കാർക്കായി കെ എസ് ആർ ടി സി മതിയായ യാത്രാ സംവിധാനങ്ങൾ ഒരുക്കണമെന്നും ജീവനക്കാർക്ക് തടസമില്ലാതെ ഓഫിസിലെത്തി ജോലി ചെയ്യാൻ വേണ്ട നടപടികൾ, ജില്ലാ കളക്ടർമാർ, വിവിധ വകുപ്പു മേധാവികൾ, ജില്ലാ പൊലിസ് മേധാവികൾ എന്നിവർ ഉറപ്പാക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.