ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പത്തനംതിട്ടയിലെ ചില സി പി എം നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തു വന്ന സാഹചര്യം നിലനിൽക്കെ ഇന്ന് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നു. വിഷയം, യോഗം വിശദമായി ചർച്ച ചെയ്യും എന്നാണ് നേതാക്കൾ പറയുന്നത്. മന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പരസ്യമായി വിമർശിച്ച നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി നേരത്തേ തന്നെ പറഞ്ഞിരുന്നു.
സി പി എം ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗവും സി ഡബ്യൂ സി യുടെ മുൻ അധ്യക്ഷനുമായ എൻ രാജീവ്, പാർട്ടിയുടെ ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗമായ ജോൺസൺ എന്നിവരാണ് മന്ത്രിക്കെതിരെ പത്തനംതിട്ടയിൽ നിന്ന് പരസ്യമായി സൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചത്. പത്തനംതിട്ടയിൽ നിന്നുള്ള പല ജില്ലാ നേതാക്കൾക്കും മന്ത്രിയുടെ പ്രവർത്തനങ്ങളിൽ അനിഷ്ടമുണ്ടന്നും അവർ പരസ്യമായി പ്രകടപ്പിക്കാത്തവരാണെന്നും അവരിൽ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഇന്നത്തെ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും അറിയുന്നു.