സംസ്ഥാനത്തെ നിപയുമായി ബന്ധപ്പെട്ട സാഹചര്യം നേരിട്ടു വിലയിരുത്താനായി കേന്ദ്ര സംഘം കേരളത്തിൽ എത്തും. നാഷണൽ ഔട്ട്ബ്രേക്ക് റെസ്പോൺസ് ടീമാണ് കേരളത്തിൽ എത്തുക. ഒരാഴ്ചയ്ക്കുള്ളിൽ സംഘം എത്തിച്ചേരുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. അടിയന്തര സാഹചര്യം നേരിടാൻ കേരളത്തിന് ആവശ്യമായ എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലവിൽ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റേയും വിലയിരുത്തൽ.
അതിനിടെ പാലക്കാട് ചികിത്സയിലുള്ള യുവതിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്നു കുട്ടികളുടെ കൂടി സാമ്പിൾ പരിശോധനാ ഫലം പുറത്തുവന്നു. മൂന്നു പേരുടേയും ഫലം നെഗറ്റീവാണ്. കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്. ഇതോടെ ഇക്കാര്യത്തിലുണ്ടായിരുന്ന ആശങ്ക മാറിയിട്ടുണ്ട്. ഇവരിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു രണ്ടു പേർ പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിലും നിലവിൽ ചികിത്സയിൽ കഴിയുകയാണ്.