മോഹൻലാലിനെ അപമാനിച്ച് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ പി രവീന്ദ്രൻ. മദ്യപിച്ചതിൻ്റെ പേരിൽ വേടൻ്റെ പാട്ട് സിലബസിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടാൽ മോഹൻലാലിൻ്റെ സിനിമ പോലും കാണാൻ പറ്റാതെ വരുമല്ലോ എന്നാണ് വി സി ഒരു വാർത്താ ചാനലിൽ പറഞ്ഞത്. ജോൺ ഏബ്രഹാമിൻ്റെ സിനിമകളോ അയ്യപ്പൻ്റെ കവിതകളോ പഠിയ്ക്കാൻ പറ്റാതെ വരുമല്ലോ എന്നും പി രവീന്ദ്രൻ കൂട്ടിച്ചേർത്തു.
വേടൻ്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ചില പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് വി സിയുടെ പ്രതികരണം ഉണ്ടായത്. വിഷയത്തിൽ ഉന്നയിച്ച പരാതികൾ പഠിയ്ക്കാൻ ഡോ:എം എം ബഷീറിൻ്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിട്ടുണ്ടന്നും അതിൻ്റെ റിപ്പോർട്ടു വന്ന ശേഷം നടപടി സ്വീകരിക്കുമെന്നും വി സി പറയുന്നുണ്ട്. സങ്കുചിതമായി വിഷയങ്ങളെ കാണരുതെന്നും പി രവീന്ദ്രൻ അഭിപ്രായപ്പെട്ടു.