തിരുവനന്തപുരത്തെ എസ് യു റ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതി എന്ന് മകൻ വി എ അരുൺകുമാർ അറിയിച്ചു. അച്ഛൻ്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നും ഹൃദയമിടിപ്പും ശ്വാസനവും ഏറെ മെച്ചപ്പെട്ടതായും ഡോക്ടർമാർ പറഞ്ഞു. ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുമെന്ന് ഡോക്ടർമാർ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ് – അരുൺ കുമാർ ഫെയ്സ് ബുക്കിൽ കുറിച്ചു.
ജൂൺ 23 നാണ് വി എസിനെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി എസിനെ നെഞ്ചേറ്റുന്ന അനേകായിരങ്ങൾക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്.