രജിസ്ട്രാർക്ക് പിന്തുണയുമായി മന്ത്രിയും വിദ്യാർത്ഥി സംഘടനകളും. കോടതിയിലേക്കെന്ന് രജിസ്ട്രാർ

At Malayalam
1 Min Read

ഗവർണറോട് അനാദരവ് കാട്ടി എന്നാരോപിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ സസ്പെൻ്റ് ചെയ്ത സർവകലാശാലാ രജിസ്ട്രാർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെയും വിദ്യാർത്ഥി സംഘടനകളുടേയും പിന്തുണ. താൽക്കാലിക വി സിയായ മോഹൻ കുന്നുമ്മൽ എന്ത് അധികാരത്തിൻ്റെ ബലത്തിലാണ് രജിസ്ട്രാർ കെ എസ് അനിൽ കുമാറിനെ സസ്പെൻ്റു ചെയ്തതെന്ന് മന്ത്രി ആർ ബിന്ദു ചോദിച്ചു. വി സി യുടെ നടപടി അമിതാധികാര പ്രയോഗമാണന്നും മന്ത്രി പറഞ്ഞു. ആർ എസ് എസിനോടുള്ള കുറ് പല തവണ തെളിയിച്ച ആളാണ് വി സി എന്നും വേണ്ടി വന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർവകലാശാലാ നിയമങ്ങളും മതേതരത്വവും ഉയർത്തിപ്പിടിച്ച സർവകലാശാലാ രജിസ്ട്രാർക്ക് നിരുപാധികമായ പിന്തുണ തങ്ങൾ നൽകുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം സഞ്‌ജീവ് അറിയിച്ചു. പിന്നാലെ രജിസ്ട്രാർക്ക് പിന്തുണയുമായി കെ എസ് യുവും രംഗത്തെത്തി.

അതേസമയം, ഗവർണർ വേദിയിൽ എത്തിയിട്ടാണ് താൻ അനുമതി നിഷേധിച്ചത് എന്ന വി സിയുടെ കണ്ടെത്തൽ ശുദ്ധ നുണയാണെന്ന് കെ എസ് അനിൽകുമാർ പറഞ്ഞു. ആറു മണിക്കു തന്നെ സെനറ്റ് ഹാളിലെ പരിപാടി താൻ റദ്ദാക്കിയിരുന്നതിൻ്റെ രേഖകൾ തൻ്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ഗവർണറെ അപമാനിച്ചിട്ടില്ലെന്നും സസ്പെൻഷനെതിരെ കോടതിയെ സമീപിക്കുമെന്നും അനിൽകുമാർ പറഞ്ഞു.

Share This Article
Leave a comment