2018 എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ചിര പ്രതിഷ്ഠ നേടിയ സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്. മോഹൻലാലിൻ്റെ മകൾ വിസ്മയയെ നായികയാക്കി ‘ തുടക്കം ‘ എന്ന പേരിൽ ഒരു ചിത്രം അനൗൺസ് ചെയ്തതോടെ ജൂഡ് വീണ്ടും ചലച്ചിത്ര മേഖലയിൽ ശ്രദ്ധേയനാവുകയാണ്. വിസ്മയയെ നായികയാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ കിട്ടിയ അവസരത്തിൻ്റെ സന്തോഷം ജൂഡ് തൻ്റെ സമൂഹ മാധ്യമത്തിൽ ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവച്ചു കൊണ്ട് പ്രകടിപ്പിച്ചു.
‘എൻ്റെ ലാലേട്ടൻ്റേയും സുചി ചേച്ചിയുടെയും പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ച് ഏൽപ്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ…. ചേച്ചി …. കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എൻ്റെ മനസ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആൻ്റണി ചേട്ടാ ഇതൊരു ആൻ്റണി – ജൂഡ് തുടക്കമാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ ‘ എന്നാണ് ജൂഡ് തൻ്റെ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.
2018 എന്ന ചിത്രം വലിയ സൂപ്പർ ഹിറ്റായി മാറിയിരുന്നു. നിരവധി പുരസ്ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.