പിഴയടച്ചില്ലെങ്കില്‍ വണ്ടിപിടിക്കും, സൂക്ഷിക്കാന്‍ സ്വകാര്യവ്യക്തികൾ

At Malayalam
1 Min Read

നികുതി കുടിശ്ശിക വരുത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് സൂക്ഷിക്കാൻ സംസ്ഥാന മോട്ടോർവാഹന വകുപ്പ് സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടുകെട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ ധാരണയായി. തുടർച്ചയായി നിയമം ലംഘിക്കുന്നതും പിഴ അടയ്ക്കാൻ തയാറാകാത്തതുമായ വാഹനങ്ങൾ പിടിച്ചെടുക്കും. മോട്ടോർവാഹനവകുപ്പ് ഓഫീസ് വളപ്പുകളിലും പൊലീസ് സ്റ്റേഷനുകളിലും ഇവ സൂക്ഷിക്കുന്നതിൽ നിലവിലുള്ള സ്ഥലപരിമിതി മറികടക്കാനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നീക്കം.

മോട്ടോർവാഹനവകുപ്പ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്വകാര്യ വ്യക്തികൾക്ക് വാഹന കണ്ടുകെട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കാം. ചുറ്റുമതിലും നിരീക്ഷണ ക്യാമറകളും വേണം. സുരക്ഷാ ജീവനക്കാരനെയും നിയോഗിക്കണം. വാഹന പരിശോധനയ്ക്കിടയിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉദ്യോഗസ്ഥർ ഇവിടേയ്ക്ക് കൈമാറും. ഓഫീസിൽ നിന്നും പിഴ അടച്ച രസീതുമായി വന്ന് വാഹനം തിരികെ കൈപ്പറ്റാം. വാഹനം സൂക്ഷിക്കുന്നതിന് നിശ്ചിത തുക വാഹന ഉടമയിൽ നിന്നും സൂക്ഷിപ്പുകാരൻ ഈടാക്കും.

തിരുവനന്തപുരം ഈഞ്ചയ്ക്കലിൽ കെ എസ് ആർ ടി സിയുടെ സ്ഥലത്ത് മോട്ടോർവാഹന വകുപ്പ് ഈ രീതിയിൽ വാഹനങ്ങൾ സൂക്ഷിക്കുന്നുണ്ട്. നികുതി അടയ്ക്കാത്ത വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇവ സൂക്ഷിക്കാൻ സ്ഥലമില്ലാത്തത് വലിയ തടസമാണ്. എ ഐ ക്യാമറകൾ പ്രവർത്തന സജ്ജമായതിനു ശേഷം നിയമലംഘനങ്ങൾക്ക് പിഴ ചുമത്തപ്പെടുന്ന വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുമുണ്ട്.

ഇതിൽ 30 ശതമാനത്തോളം വാഹനങ്ങൾ പിഴ ഒടുക്കാൻ തയാറാകാതെ കുറ്റം ആവർത്തിക്കുന്നുമുണ്ട്. കഴക്കൂട്ടം രജിസ്ട്രേഷനിലുള്ള ഒരു ഇരുചക്രവാഹനത്തിന് 13.39 ലക്ഷം രൂപ വരെ പിഴ കുടിശ്ശികയുണ്ട്. 20 ൽ അധികം കേസുകളുള്ള കാൽലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. കസ്റ്റഡിയിൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ ഇവ പിടിച്ചെടുത്തിരുന്നില്ല.

- Advertisement -

യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഫിറ്റ്നെസ് ഇല്ലാത്ത ടാക്സി വാഹനങ്ങളുടെ യാത്രയും തടയേണ്ടതുണ്ട്. പെർമിറ്റും ഫിറ്റ്നസും ഇല്ലാത്ത ഓട്ടോറിക്ഷകളും സാങ്കേതിക പോരായ്മയുള്ള സ്വകാര്യ ബസുകളും നിരത്തിലുണ്ട്. കേന്ദ്രങ്ങൾ തുടങ്ങിയാൽ ഉടൻ ഇവയും പിടിച്ചെടുക്കാനാണ് തീരുമാനം. അമിതഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങളും പിഴ ഒടുക്കിയില്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കും. ഇതോടെ പിഴ, നികുതി കുടിശ്ശിക ഗണ്യമായി കുറയ്ക്കാനാകുമെന്ന നിഗമനത്തിലാണ് മോട്ടോർ വാഹനവകുപ്പ് കണക്കുകൂട്ടുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment