റെയിൽവേ സേവനങ്ങളെല്ലാം ഇനി ഒറ്റ ആപിൽ‌

At Malayalam
1 Min Read


റിസർവ്ഡ്, അൺ റിസർവ്ഡ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ട്രെയിൻ എവിടെയെത്തി എന്ന വിവരം, പി എൻ ആർ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ അങ്ങനെ പല വിവരങ്ങൾക്ക് പല ആപുകളായിരുന്നു നിലവിൽ റെയിൽവേക്ക് ഉണ്ടായിരുന്നത്. റെയിൽവേ ഉപഭോക്താക്കൾ ഇനി മുതൽ ഇത്തരത്തിൽ പല ആപുകളി‍ൽ കയറി ഇറങ്ങണ്ട ആവശ്യമില്ല. എല്ലാം ഒറ്റ ആപിൽ തന്നെ ലഭിക്കും.

ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ട്രെയിൻ യാത്രയെക്കുറിച്ചുള്ള ഫീഡ് ബാക്ക് നൽകുന്നത് വരെ ഇനി ഈ ആപിലൂടെ സാധിക്കാം. എല്ലാം ഒറ്റയിടത്തു കിട്ടുന്ന ഈ ആപിന് ‘റെയിൽ വൺ ‘ എന്നാണ് പേരിട്ടിരിക്കുന്നത്.

റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് ആപ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ആപ്പിൾ സ്റ്റോർ, ഗൂഗ്ൾ പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഡൗൺലോ‍ഡ് ചെയ്യാൻ സാധിക്കുന്ന ഈ ആപിലൂടെ ഭക്ഷണം ഓർഡർ ചെയ്യാനും റീഫണ്ട് ലഭിക്കാനുള്ള അപേക്ഷ നൽകാനും പരാതികൾ സമർപ്പിക്കാനും ഒക്കെ സാധിക്കും എന്നതും വലിയ പ്രത്യേകതയാണ്.ട്രെയിൻ ചരക്കു നീക്കത്തിന്റെ വിവരങ്ങളും ആപിലൂടെ അറിയാം.

മൊബൈൽ നമ്പരോ ഐ ആർ സി ടി സി ക്രെഡൻഷ്യൽസോ ഉപയോ​ഗിച്ച് ആപിൽ ലോ​ഗിൻ ചെയ്ത് ഉപയോ​ഗിക്കാൻ സാധിക്കും. ആർ വാലറ്റ് ( റെയിൽവേ വാലറ്റ് ) സൗകര്യവും ആപിൽ ലഭ്യമാകും.

- Advertisement -
Share This Article
Leave a comment