സംഘർഷം തുടങ്ങി വച്ചത് ഇസ്രായേലും അമേരിക്കയുമാണന്ന് യു എൻ സുരക്ഷാ കൗൺസിൽ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഇറാൻ ഐക്യരാഷ്ട്ര സഭയ്ക്ക് കത്തു നൽകി. ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇരു രാജ്യങ്ങളും തങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്നും കത്തിൽ ഇറാൻ ആവശ്യപ്പെടുന്നു. യു എൻ സെക്രട്ടറി ജനറലായ അൻ്റോണിയോ ഗൂട്ടറസിന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് ആരഗച്ചിയാണ് കത്തു നൽകിയിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമെതിരെ ക്രിമിനൽ കുറ്റത്തിനുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഇറാൻ കത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പന്ത്രണ്ട് ദിവസങ്ങളോളം നീണ്ടു നിന്ന സംഘർഷത്തിൽ 606 പേർക്ക് ജീവൻ നഷ്ടമായതായും 5,332 പേർക്ക് പരിക്കേറ്റതായും ഇറാൻ ആരോപിക്കുന്നു. ഫോർദോ, നാറ്റൻസ്, ഇസ്ഫഹാൻ എന്നീ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമണത്തിൽ തകരുകയും ചെയ്തു. ഇതടക്കം തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം രണ്ടു രാജ്യങ്ങളിൽ നിന്നും യു എൻ വാങ്ങി നൽകണമെന്നും ഇറാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.