ഒരു സാധാരണ പാർട്ടി അംഗത്തിൽ നിന്നു പോലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനിൽ നിന്നുണ്ടായതെന്ന് പി ജയരാജൻ വിമർശിച്ചു. ഇത്തരം ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ നിർബന്ധമായും ഒഴിവാക്കേണ്ടവ തന്നെയാണന്നും ജയരാജൻ. ഒരു ഉപതെരഞ്ഞെടുപ്പിൻ്റെ തലേ ദിവസം തന്നെ ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത ഒരു പ്രസ്താവനയുമായി പാർട്ടി സെക്രട്ടറി എത്തിയത് ന്യായീകരിക്കാനാവില്ലെന്നും പി ജയരാജൻ, പാർട്ടി സംസ്ഥാന സമിതിയോഗത്തിൽ തുറന്നടിച്ചു.
മറ്റു പല സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രസ്താവനക്കെതിരെ യോഗത്തിൽ പ്രതികരിച്ചിരുന്നുവെങ്കിലും എം വി ഗോവിന്ദൻ്റെ പേരെടുത്തു പറയാതെയാണ് വിമർശനം ഉന്നയിച്ചത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവർ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നത് അനുചിതമാണെന്നാണ് ചില അംഗങ്ങൾ വിമർശനം ഉന്നയിച്ചത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനോടടുത്ത് സി പി എം സെക്രട്ടറി നടത്തിയ ആർ എസ് എസുമായി ബന്ധപ്പെട്ട പ്രസ്താവന പാർട്ടിക്കുള്ളിൽ തന്നെ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയിരുന്നു.