യു പി എസ് സി നൽകിയ ചുരുക്ക പട്ടികയിൽ ഉൾപ്പെടാത്ത ഒരാളെ ഡി ജി പി ആക്കുന്നതിനുള്ള നിയമോപദേശം സർക്കാർ തേടുന്നതായി റിപ്പോർട്ട്. കേന്ദ്രം നൽകിയിരിക്കുന്ന ചുരുക്കപ്പട്ടികയിൽ നിധിൻ അഗർവാൾ, യോഗേഷ് ഗുപ്ത, റവാഡ ചന്ദ്രശേഖർ എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളത്. സംസ്ഥാന സർക്കാർ നൽകിയിരുന്ന പട്ടികയിൽപ്പെട്ട മനോജ് ഏബ്രഹാം, എം ആർ അജിത് കുമാർ എന്നിവരെ യു പി എസ് സി പരിഗണിച്ചിരുന്നില്ല. പുറത്തു നിന്ന് ഒരാളെ വയ്ക്കാൻ കഴിയുമോ എന്ന് അക്കൗണ്ടൻ്റ് ജനറൽ, സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകർ എന്നിവരോടാണ് സർക്കാർ നിയമോപദേശം തേടിയിരിയ്ക്കുന്നത്.
സംസ്ഥാന ക്രമസമാധാനപാലന ചുമതലയിൽ കുറേ നാളുകളായി മനോജ് ഏബ്രഹാമാണ് പ്രവൃത്തിക്കുന്നത്. നിലവിൽ വിജിലൻസ് മേധാവിയാണ് മനോജ്. അദ്ദേഹത്തെ ഡി ജി പി ഇൻ – ചാർജ് ആക്കുന്നതിനുള്ള നിയമ സാധുതയാണ് സർക്കാർ ആരായുന്നത്. മികച്ച ട്രാക്ക് റെക്കോർഡുള്ള മനോജ് ഡി ജി പി സ്ഥാനത്ത് എത്തുന്നതിലാണ് സർക്കാരിനു താല്പര്യം. സർക്കാരിനു പഴയ താല്പര്യം ഇല്ലെന്നതും യു പി എസ് സി യുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാതെ പോയതും അജിത് കുമാറിന് വിനയായി. മനോജ് ഏബ്രഹാമിനു വേണ്ടി സംസ്ഥാന ചീഫ് സെക്രട്ടറിയും പൊലിസ് മേധാവിയും ശക്തമായി വാദിച്ചെങ്കിലും യു പി എസ് സി അത് ചെവിക്കൊണ്ടില്ല. ഈ സാഹചര്യത്തിലാണ് മനോജിനായി സർക്കാർ മറ്റു വഴികൾ തേടുന്നത്.