ഇന്ന് ( ഞായർ ) രാവിലെ 10 ന് മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. ഡാമിൻ്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിച്ചതോടെ ജലനിരപ്പ് 136 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്താൻ തീരുമാനമായത്. പെരിയാർ കടുവാസങ്കേതം മുല്ലപ്പെരിയാർ ഡാമിൻ്റെ പ്രധാന വൃഷ്ടിപ്രദേശങ്ങളിൽ ഒന്നാണ്. ഇവിടെ അതിശക്തമായ മഴ പെയ്തത് ഡാമിലേക്കുള്ള നീരൊഴുക്കിൻ്റെ അളവ് ഗണ്യമായി വർധിയ്ക്കാൻ ഇടയാക്കിയതാണ് ജലനിരപ്പ് ഉയരാനുള്ള പ്രധാന കാരണം.
ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും എന്നാൽ പെരിയാറിൻ്റെ തീരപ്രദേശങ്ങളിൽ താമസിയ്ക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ആയിരം ഘന അടി വെള്ളമാണ് ആദ്യഘട്ടത്തിൽ ഒഴുക്കി കളയുക. ആവശ്യമെങ്കിൽ മാത്രമേ ഡാം ഷട്ടറുകൾ വീണ്ടും ഉയർത്തുകയുള്ളൂ. മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള ജലം പെരിയാർ വഴി ഇടുക്കി ഡാമിലാണ് എത്തിച്ചേരുക.