അഹമ്മദാബാദിൽ കത്തിയമർന്ന എയർ ഇന്ത്യ ബോയിംഗ് ഡ്രിംലൈനർ വിമാനത്തിൻ്റെ ബ്ലാക്ബോക്സിന് തകരാർ സംഭവിച്ചതായി കണ്ടെത്തൽ. വിമാനാപകടം സംബന്ധിച്ച കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന നിർണായക തെളിവുകൾ ഈ ബ്ലാക്ബോക്സിൽ ഉണ്ടന്നുള്ളത് ആശങ്ക വർധിപ്പിക്കുന്നു. നിലവിൽ ഇന്ത്യയിലുള്ള സംവിധാനമുപയോഗിച്ച് ബ്ലാക്ബോക്സിൻ്റെ തകരാർ പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിദേശസഹായം തേടാനുള്ള സാധ്യതയാണ് ആരായുന്നത്. അമേരിക്കയിലേക്ക് ബ്ലാക്ബോക്സ് അയച്ച് കൂടുതൽ പരിശോധനയും വിശദാംശങ്ങൾ വീണ്ടെടുക്കാനുമാണ് ശ്രമിക്കുന്നതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.
കോക്പിറ്റ് വോയ്സ് റെക്കോർഡർ, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ എന്നിവ ചേർന്നതാണ് ബ്ലാക്ബോക്സ്. ഇതിൽ ഡാറ്റ റെക്കോർഡറിനാണ് തകരാർ സംഭവിച്ചതായി കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിൽ, വാഷിംഗ്ടണിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്പൊർട്ടേഷൻ സേഫ്റ്റി ബോർഡിൽ എത്തിച്ച് നടപടികൾ പൂർത്തിയാക്കാനാണ് ശ്രമം. ബ്ലാക്ബോക്സുമായി ഇന്ത്യയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒരു സംഘം ഉടൻ പോകുമെന്നറിയുന്നു. പ്രോട്ടോ കോൾ പാലിക്കുന്നുണ്ടന്ന് ഉറപ്പാക്കാനാണ് സംഘം അനുഗമിക്കുന്നത്.
രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൻ്റെ ഞെട്ടൽ ഇതുവരേയും മാറിയിട്ടില്ല. ആതെ 242 പേരുമായി അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കുള്ളിലാണ് ഒരു മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ വീണ് കത്തിയമർന്നത്. ഒരാൾ മാത്രമാണ് ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത്. ഇതിനോടകം 202 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 158 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായാണ് വിവരം.
