കനത്ത മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂരിൽ സ്ഥാനാർത്ഥി പ്രചരണത്തിൻ്റെ കൊട്ടിക്കലാശം അരങ്ങേറി. ഏകദേശം മൂന്നാഴ്ചയോളം നീണ്ടു നിന്ന പ്രചാരണത്തിനാണ് നിലമ്പൂരിൽ ഇന്നലെ സമാപനമായത്. റോഡ് ഷോയോടെയാണ് മൂന്നു പ്രധാന മുന്നണികളുടെയും സ്ഥാനാർത്ഥികൾ നഗരത്തിൽ പ്രവേശിച്ചത്. മുൻ എം എൽ എ പി വി അൻവർ കലാശക്കൊട്ട് ഒഴിവാക്കി പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറിൽ വോട്ടർമാരെ നേരിട്ടു കണ്ട് വോട്ടുറപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉച്ചതിരിഞ്ഞ് ഏകദേശം മൂന്നു മണിയോടെ പ്രവർത്തകർ താള മേളങ്ങളോടെ പ്രചാരണത്തിന് ഒഴുകി എത്തിയിരുന്നു.
എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജിനും യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനും എൻ ഡി എ സ്ഥാനാർത്ഥി മോഹൻ ജോർജിനും വേണ്ടി അതത് പാർട്ടികളിലെ സംസ്ഥാന നേതാക്കളടക്കം കലാശക്കൊട്ടിന് എത്തിയിരുന്നു.
എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിനൊപ്പം മന്ത്രി മുഹമ്മദ് നാളെയാണ് (വ്യാഴാഴ്ച) വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണം പൂർത്തിയാകുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ എല്ലാവരും. ജൂണ്‍ 23 നാണ് വോട്ടെണ്ണുന്നത്.
വിജയം ഉറപ്പെന്ന് മൂന്നു സ്ഥാനാർത്ഥികളും ആത്മവിശ്വാസത്തോടെ അവകാശപ്പെട്ടു. കൊടുങ്കാറ്റ് വന്നാലും വോട്ട് തൻ്റെ പെട്ടിയില്‍ വീഴുമെന്നായിരുന്നു പി വി അൻവറിന്‍റെ പ്രതികരണം. ക്ഷേമ പെൻഷൻ കൈക്കൂലിയെന്ന കെ സി വേണുഗോപാലിന്‍റെ ആരോപണത്തിൽ, പെൻഷൻ കൈക്കൂലി എന്ന് പറഞ്ഞവരോട് ഈ നാട് കണക്കു ചോദിക്കുക തന്നെ ചെയ്യുമെന്ന് എം സ്വരാജും പ്രതികരിച്ചു.