ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപമേധാവിയെയും ഇസ്രയേൽ വധിച്ചതായി വിവരം. ഇറാൻ റവലൂഷനറി ഗാർഡിന്റെ ഇന്റലിജൻസ് തലവൻ മുഹമ്മദ് കാസിമിയെയും ഉപമേധാവി ഹസൻ മോഹഖിയെയുമാണ് വ്യോമാക്രമണത്തിൽ ഇസ്രയേൽ കൊലപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 224 ആയി. ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൽ 10 പേർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇറാന്റെ ആണവോർജ കേന്ദ്രങ്ങൾ, മിസൈൽ കേന്ദ്രങ്ങൾ എന്നിവയാണ് കഴിഞ്ഞ രാത്രി ഇസ്രായേൽ പ്രധാനമായും ലക്ഷ്യം വച്ചത്. തെഹ്റാനിൽ ഇറാന്റെ സൈനിക കേന്ദ്രം തകർക്കുന്ന ദൃശ്യം ഇസ്രായേൽ പുറത്തുവിട്ടിട്ടുമുണ്ട്. പാർച്ചിൻ, ഫോർദോ ആണവോർജ കേന്ദ്രങ്ങളിൽ ഇസ്രായേൽ ബോംബിടുകയും ചെയ്തു. ഇറാന്റെ പ്രതിരോധ – വിദേശകാര്യ മന്ത്രാലയ ആസ്ഥാനങ്ങളും ആക്രമിക്കപ്പെട്ടു. ഇറാന്റെ യുദ്ധവിമാനങ്ങൾ ഇന്ധനം നിറയ്ക്കുന്ന വടക്കൻ ഇറാനിലെ മാഷാദ് വിമാനത്താവളവും ഇസ്രയേൽ ആക്രമിച്ചു.
ഇസ്രായേലിലെ ഹൈഫ, ടെൽ അവീവ്, ജെറുസലേം നഗരങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഹൈഫയിലെ ഇസ്രായേലി റിഫൈനറിയിലും ആക്രമണം നടന്നു. ടെൽ അവീവിൽ നിരവധി കെട്ടിടങ്ങളും ഇറാൻ്റെ ആക്രമണത്തിൽ തകർന്നിട്ടുണ്ട്.