ഇടുക്കി പീരുമേട്ടില്‍ സീത എന്ന സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍. സീത കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസിന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകം എന്ന് സ്ഥിരീകരിച്ചത്.
അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് പറയുന്നു. കൃത്യമായ ആസൂത്രണം കൊലപാതകത്തിനു പിന്നിലുണ്ടായിരുന്നു. പൊലീസിനുണ്ടായ സംശയമാണ് മരണം കൊലപാതകമാണെന്ന കണ്ടെത്തലിലേയ്ക്ക് എത്തിച്ചേരുന്നത്. സീതയുടെ ശരീരത്തില്‍ കാട്ടാന ആക്രമിച്ചാൽ ഉണ്ടാകാൻ സാധ്യതയുള്ള വലിയ മുറിപ്പാടുകളൊന്നും കാണാഞ്ഞത് പൊലീസിന് സംശയമുണ്ടാക്കിയിരുന്നു.സീതയെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്. പാറയിലൂടെ വലിച്ചിഴക്കുകയും ചെയ്തു. ഇരുഭാഗത്തെയും ആറ് വാരിയെല്ലുകള്‍ക്ക് പരിക്കുമുണ്ട്. മൂന്ന് വാരിയെല്ലുകള്‍ ശ്വാസകോശത്തിലേക്ക് തറച്ച് കയറിയെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ വ്യക്തമായി. പുറമേ തലയില്‍ മാത്രമേ പരിക്കുള്ളു.
രണ്ടു മക്കളും ഭാര്യയും കൂടി ഉച്ചയോടെ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമണമെന്നായിരുന്നു ബിനു പൊലിസിനോടു പറഞ്ഞത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതിനു പിന്നാലെയാണ് കാട്ടാന ആക്രമണത്തില്‍ സീത കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തു വന്നത്. തന്റെ മുന്നില്‍ വെച്ചാണ് കാട്ടാന കൊന്നതെന്ന് ബിനു ആദ്യം പറഞ്ഞിരുന്നു. കാട്ടാന തന്നെയും ആക്രമിച്ചെന്നും വാരിയെല്ലിന് വേദനയുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ശബ്ദം കേട്ടെത്തിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടതെന്നും ബിനു പറഞ്ഞു. ഇക്കാര്യവും പൊലീസിനു സംശയമുണ്ടാക്കിയിരുന്നു. സംഭവത്തില്‍ കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.
