ജമ്മു കശ്മീർ പാകിസ്ഥാൻ്റെ ഭാഗമായി രേഖപ്പെടുത്തി ഇന്ത്യയുടെ അന്താരാഷ്ട്ര ഭൂപടം തെറ്റായി ചിത്രീകരിച്ച ഇസ്രായേൽ സൈന്യം മാപ്പു പറഞ്ഞു. ഇസ്രായേൽ പ്രതിരോധ സേനയായ ഐ ഡി എഫ് ആണ് ഇത്തരത്തിൽ അബദ്ധം സംഭവിച്ചതിന് ഇന്ത്യയോട് ക്ഷമാപണം നടത്തിയത്. ഇത് വെറും ഇല്ലസ്ട്രേഷൻ മാത്രമാണെന്നും, എന്നാലും പറ്റിയ കയ്യബദ്ധത്തിന് തങ്ങൾ ഇന്ത്യയോട് ക്ഷമ ചോദിക്കുന്നതായും, തെറ്റു ചൂണ്ടിക്കാണിച്ച ഇന്ത്യൻ റൈറ്റ് വിംഗ് കമ്മ്യൂണിറ്റി എന്ന ഒരു എക്സ് ഹാൻഡിലിന് മറുപടി നൽകുന്ന രീതിയിൽ സൈന്യം അറിയിച്ചു.
ഭൂപടത്തിൻ്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ തെറ്റു ചൂണ്ടിക്കാട്ടി നൂറുകണക്കിനു പേരാണ് സോഷ്യൽ മീഡിയയിൽ ഇസ്രായേൽ സേനക്കെതിരെ പ്രതികരിച്ചത്. അടിയന്തരമായി പോസ്റ്റ് പിൻവലിക്കണമെന്നും ഇന്ത്യയുടെ ആത്മാഭിമാനത്തിൽ തൊട്ടുകളിക്കരുതെന്നും സോഷ്യൽ മീഡിയയുടെ വിവിധ ഹാൻഡിലുകളിൽ പോസ്റ്റുകൾ വന്നു. ചിലർ ഒരു പടി കൂടി കടന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹുവിനെ തങ്ങളുടെ പോസ്റ്റുകളിൽ ടാഗ് ചെയ്തും പ്രതിഷേധിച്ചു. പിന്നാലെ, ഭൂപടത്തിൽ അതിർത്തികൾ രേഖപ്പെടുത്തിയതിൽ തെറ്റു സംഭവിച്ചെന്നും പ്രവർത്തിയിൽ നിർവ്യാജം തങ്ങൾ ഖേദിക്കുന്നതായും ഇസ്രായേൽ സൈന്യം വ്യക്തമാക്കുകയായിരുന്നു.