നടൻ കൃഷ്ണകുമാറും മകൾ ദിയയും വാദിയും പ്രതിയുമായ ഇരു കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചു. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ അക്കൗണ്ടുകളിലേക്ക് 10 മാസത്തിനിടെ 60 ലക്ഷത്തിലധികം രൂപ എത്തിയതായി ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ പ്രതികളായ മൂന്നു ജീവനക്കാരികളും ഇപ്പോൾ ഒളിവിലുമാണ്.
തന്റെ സ്ഥാപനത്തിൽ നിന്ന് മൂന്നു ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയ പൊലിസിൽ നൽകിയിരിക്കുന്ന പരാതി. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍ എന്നു തന്നെയാണ് പൊലിസിൻ്റെ നിഗമനം. ദിയയുടെ വിവാഹത്തിനു ശേഷം സ്ഥാപനത്തിലെ ദൈനംദിന കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഈ ജീവനക്കാരികളായിരുന്നു. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം, ഈ ജീവനക്കാരികളുടെ ക്യൂ ആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത്. ഈ പണം പിന്നീട് പിൻവലിച്ച് ദിയക്ക് നൽകിരുന്നുവെന്നായിരുന്നു ജീവനക്കാരികളുടെ വാദം.
സ്ഥാപനത്തിലെത്തി സാധനങ്ങള്‍ വാങ്ങിയവരുടെ രജിസ്റ്റർ പൊലിസ് ശേഖരിച്ചു. ഇതിൽ സാധനങ്ങള്‍ വാങ്ങിയവരുടെ പേരും ഫോണ്‍ നമ്പറുമുണ്ട്. ഓരോരുത്തരെയാണ് പൊലിസ് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതേസമയം പ്രതികളായ മൂന്നു ജീവനക്കാരികളും ഒളിവിലാണ്. വീട്ടിൽ പോയി മൊഴിയെടുക്കാൻ പൊലിസ് ശ്രമിച്ചുവെങ്കിലും പ്രതികളായ സ്ത്രീകള്‍ അവിടെ ഉണ്ടായിരുന്നില്ല.
കൃഷ്ണകുമാർ തടങ്കലിൽ വച്ച് പീഡിപ്പിക്കും എന്ന ഭീഷണിപ്പെടുത്തിയെന്ന ജീവനക്കാരികളുടെ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലിസിൻെറ അന്വേഷണ നിഗമനം. ഇതുവരെ ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളിലും ബലപ്രയോഗം നടന്നതായി കാണുന്നില്ല. മ്യൂസിയം പൊലീസിൻെറ അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് കേസുകള്‍ ക്രൈംബ്രാഞ്ചിന് നൽകാൻ സിറ്റി പൊലിസ് കമ്മിഷണർ ഡി ജി പിക്ക് കത്തു നൽകിയത്. രണ്ടു കേസുകളും വൈകാതെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.