അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണ സംഖ്യ 110 ആയി. മരണ സംഖ്യ ഉയർന്നേക്കുമെന്ന വിവരം പുറത്തുവരുന്നുണ്ട്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു പോയ എയർ
ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്തുള്ള മേഘാനിനഗർ പ്രദേശത്താണ് അപകടം. വിമാനത്തിൽ 232 യാത്രക്കാർ, 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ഉച്ചയ്ക്ക് 1.17നാണ് വിമാനം അഹമ്മദാബാദിൽനിന്ന് ടേക് ഓഫ് ചെയ്തത്. അഞ്ച് മിനിറ്റിനുള്ളിൽ തകരുകയും ചെയ്തു. വിമാനത്തിന്റെ പിൻവശം മരത്തിലിടിച്ചെന്നാണ് സൂചന. 625 അടി ഉയരത്തിൽ നിന്ന് വീണ് കത്തിയതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ നിയോഗിച്ചു.
വിമാനത്താവളം താത്ക്കാലികമായി അടച്ചതായും സർവീസുകൾ നിർത്തിവെച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്. അപകട കാരണം കണ്ടെത്താൻ ഡിജിസിഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പേരും യാത്രക്കാരുടെ പട്ടികയിലുണ്ട്. കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി എയർ ഇന്ത്യ 1800 5691 444 എന്ന പ്രത്യേക പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.