വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധയോടെ സി പി ട്രസ്റ്റ്
കഴിഞ്ഞ അധ്യായന വർഷത്തിൽ പത്താം ക്ലാസ്, ഹയർ സെക്കണ്ടറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ തൃശൂർ ജില്ലയിൽ നിന്നുള്ള വിദ്യാർഥികൾക്ക് അഭിമാന നിമിഷങ്ങൾ പകർന്ന് ‘നക്ഷത്ര തിളക്കം’ അരങ്ങേറി. ചലച്ചിത്ര ലോകത്തെ താരങ്ങൾ നേരിട്ടെത്തി പരീക്ഷകളിൽ താരങ്ങളായവർക്ക് പുരസ്ക്കാരങ്ങൾ നൽകിയപ്പോൾ കണ്ടു നിന്ന ആയിരക്കണക്കായ രക്ഷിതാക്കളുടെ കണ്ണുകളും സന്തോഷത്താൽ ഈറനണിഞ്ഞു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി, സാമൂഹിക സാംസ്ക്കാരിക രംഗത്ത് തിളക്കമാർന്ന മുദ്ര പതിപ്പിച്ച സി പി ട്രസ്റ്റിൻ്റെ നേതൃത്വത്തിലായിരുന്നു പുരസ്ക്കാര വിതരണം സംഘടിപ്പിച്ചത്. മലയാളത്തിൻ്റെ അഭിമാന താരം കുഞ്ചാക്കോ ബോബൻ, തെന്നിന്ത്യൻ താരം റഹ്മാൻ, മനോജ് കെ ജയൻ, മലയാളത്തിൻ്റെ സ്വന്തം നായിക കാവ്യാമാധവൻ, രമേഷ് പിഷാരടി എന്നിവരെ കൂടാതെ എം പി മാരായ ബെന്നി ബെഹനാൻ , ജെബി മേത്തർ, എൻ എ അക്ബർ എം എൽ എ, ഗൾഫാർ ഗ്രൂപ്പ് ചെയർമാൻ ഗൾഫാർ മുഹമ്മദ് അലി, കല്യാൺ സിൽക്സ് മാനേജിംഗ് ഡയറക്ടറായ ടി എസ് പട്ടാഭിരാമൻ, സീ ഷോർ ഗ്രൂപ്പ് ചെയർമാൻ സീ ഷോർ മുഹമ്മദ് അലി, ഓബറോൺ ഗ്രൂപ്പ് ചെയർമാൻ എം എ മുഹമ്മദ്, അജ്മി ഗ്രൂപ്പ് ചെയർമാൻ ഡോ: മുഹമ്മദ് അഫ്സൽ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റുമാർ എന്നിവരും ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയിരുന്നു.

സാമ്പത്തിക പ്രതിസന്ധി മൂലം പഠനം മുടങ്ങിപ്പോയ വിദ്യാർഥികൾക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും ട്രസ്റ്റിൻ്റെ ഭാവി പ്രവർത്തനങ്ങളിൽ വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും നക്ഷത്രത്തിളക്കം പരിപാടിയിൽ അധ്യക്ഷത വഹിച്ച സി പി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത മൂവായിരത്തിലധികം വരുന്ന വിദ്യാർഥികൾക്ക് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ മേഖലകളിൽ പ്രവർത്തന മികവു തെളിയിച്ച നിരവധി വ്യക്തികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.