പാകിസ്ഥാനെ സഹായിച്ചെന്നു കരുതി തുർക്കിയുമായുള്ള വ്യാപാര ബന്ധത്തിന് വിള്ളൽ വേണ്ടന്ന് കേന്ദ്രo

At Malayalam
2 Min Read

തുർക്കിയുമായുള്ള വ്യാപാര ബന്ധം കേന്ദ്രസർക്കാർ ഉപേക്ഷിക്കാൻ സാധ്യതയില്ല. പഹൽ​ഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ച് എത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യയും തുർക്കിയും തമ്മിലുണ്ടായിരുന്ന ബന്ധം മോശമാകുന്ന സാഹചര്യമുണ്ടായത്.

എന്നാൽ, ദേശീയ സുരക്ഷയുടെ പേരിൽ തുർക്കി കമ്പനികൾക്കെതിരെ സ്വീകരിച്ച നടപടികൾ ഉഭയകക്ഷി വ്യാപാരത്തിലേക്ക് വ്യാപിപ്പിക്കാൻ സാധ്യതയില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യ – തുർക്കി വ്യാപാര ബന്ധം തുടരാനാണ് കേന്ദ്രസർക്കാർ തീരുമാനമെന്ന രീതിയിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

യഥാർത്ഥത്തിൽ, തുർക്കിയിൽ നിന്നുള്ള ഇറക്കുമതിയേക്കാൾ ഏറെ കൂടുതലാണ് ആ രാജ്യത്തേക്കുള്ള ഇന്ത്യയുടെ കയറ്റുമതി. 2.73 ബില്യൻ ഡോളറിന്റെ വ്യാപാര മിച്ചമാണ് നിലവിൽ ഇന്ത്യക്ക് തുർക്കിയുമായുള്ളത്. ഏകദേശം 23,000 കോടി ഇന്ത്യൻ രൂപയോളം വരുമിത്. ഇത്രയും വലിയൊരു തുക നഷ്ടപ്പെടുത്തുന്നത് രാജ്യത്തെ വ്യാപാരികളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാകുമെന്നാണ് സർക്കാർ നിലപാടെന്നും റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാന് പിന്തുണ നൽകിയതിന്റെ പേരിൽ തുർക്കിയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുന്നത് നയതന്ത്രതലത്തിൽ ശക്തമായ സന്ദേശം നൽകുമെങ്കിലും ഇന്ത്യൻ വ്യാപാരികൾക്ക് വലിയ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നിലപാടെടുക്കുന്നത് എന്നത് വ്യക്തം.

പഴവർഗങ്ങൾ, നട്‌സ്, മാർബിൾ പോലുള്ള ഉത്പന്നങ്ങളാണ് തുർക്കിയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ, ഇന്ത്യ തുർക്കിയിലേക്ക് കയറ്റുമതി ചെയ്യുന്നതാകട്ടെ ഇലക്ട്രോണിക്‌സ് – എഞ്ചനീയറിംഗ് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ എന്നിവയുമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തു നിന്നുള്ള ഇവയുടെ കയറ്റുമതി ഗണ്യമായി വർധിച്ചിരുന്നു. റഷ്യ – യുക്രെയിൻ യുദ്ധം ആരംഭിച്ചതോടെ ഇന്ത്യയുമായി പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരവും തുർക്കി ആരംഭിച്ചു.

- Advertisement -

കഴിഞ്ഞ സാമ്പത്തിക വർഷം (2024 – 25) 5.72 ബില്യൻ ഡോളർ (ഏകദേശം 48,900 കോടി രൂപ ) മൂല്യമുള്ള ഉത്പന്നങ്ങളാണ് തുർക്കിയിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. ഇതിൽ അമ്പത് ശതമാനത്തോളം (ഏകദേശം മൂന്നു ബില്യൻ ഡോളറിന്റെ ) എഞ്ചിനീയറിംഗ് ഉത്പന്നങ്ങളായിരുന്നു. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളായിരുന്നു (എം എസ് എം ഇ) ഇവയിൽ 40 ശതമാനം ഉത്പന്നങ്ങളും നിർമിച്ചതെന്നതും ശ്രദ്ധേയമാണ്. നേരെമറിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം 2.99 ബില്യൻ ഡോളറിന്റെ (ഏകദേശം 25,000 കോടി രൂപ) ഉത്പന്നങ്ങളാണ് തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയത്. 107 മില്യൻ ഡോളറിന്റെ പഴവർഗങ്ങളും 270 മില്യൻ ഡോളറിന്റെ സ്വർണവും തുർക്കിയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment