ഏതാനും ദിവസങ്ങളായി ആരോഗ്യരംഗത്ത് ആശങ്ക പരത്തും വിധം കൊവിഡ് വ്യാപനം തുടരുന്നതില്‍ അനാവശ്യ ആശങ്ക വേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
താരതമ്യേന ഗുരുതരമല്ലാത്ത ലക്ഷണങ്ങളുമായി ഇപ്പോൾ വന്നിരിക്കുന്നത് ഒമിക്രോണ്‍ ജെ എന്‍ 1, എല്‍ എഫ് 1 എന്നീ വകഭേദങ്ങളാണ്. ചുരുങ്ങിയ ദിവസങ്ങൾ മാത്രം നീണ്ടു നില്‍ക്കുന്ന ലക്ഷണങ്ങള്‍ മാത്രമേ ഇവയ്ക്ക് ഉണ്ടാകുകയുള്ളൂ. ബഹുഭൂരിപക്ഷം ആളുകളും വാക്‌സിന്‍ എടുത്തു കഴിഞ്ഞ നമ്മുടെ സമൂഹത്തില്‍ വ്യാപനം ഗുരുതര നിലയിലാകുവാന്‍ സാധ്യത വിരളമാണ്. താരതമ്യേന പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗത്തില്‍ പെട്ട ഗുരുതര കാന്‍സര്‍, ഗുരുതര വൃക്ക രോഗങ്ങള്‍, ഗുരുതര ഹൃദ്രോഗങ്ങള്‍ എന്നിവയുള്ളവര്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണം.
മറ്റു പകര്‍ച്ചപനികളില്‍ നിന്ന് ലക്ഷണങ്ങള്‍ കൊണ്ട് പെട്ടെന്ന് വേര്‍തിരിച്ചറിയാന്‍ സാധിക്കാത്തത് കൊണ്ടും വ്യാപന സാധ്യത കൂടുതല്‍ ഉളളതു കൊണ്ടും പ്രധാനമായും മുന്‍കരുതലുകളാണ് വേണ്ടത്. സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, അണുനാശിനിയുടെ ഉപയോഗം എന്നിവ വഴി വലിയൊരളവുവരെ രോഗസാധ്യത ഇല്ലാതാക്കുവാന്‍ കഴിയും.
ആരോഗ്യാ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മാസ്‌കിന്റെ ഉപയോഗം വര്‍ധിപ്പിക്കണം. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. സര്‍ക്കാരും ആരോഗ്യവകുപ്പും ഒരുക്കുന്ന രോഗനിര്‍ണയ പരിശോധനകള്‍, ചികിത്സാ സംവിധാനങ്ങള്‍ എന്നിവയുമായി എല്ലാവരും സഹകരിക്കുകയും വേണം. പനി ബാധിച്ചവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്.
ആരോഗ്യ വകുപ്പും സര്‍ക്കാരും നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും ഐ എം എ യുടെ അറിയിപ്പിൽ പറയുന്നു.