പുതിയ ചിത്രമായ തഗ് ലൈഫിന്റെ റിലീസ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കമൽ ഹാസൻ സമർപ്പിച്ച ഹർജിയിൽ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. “കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്” എന്ന കമലഹാസന്റെ വിവാദ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് കമലഹാസൻ ഹർജി സമർപ്പിച്ചത്. ഈ പരാമർശത്തിനെതിരെ കർണാടകയിലുടനീളമുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്നും കന്നഡ അനുകൂല സംഘടനകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു.
കൂടാതെ കമൽ ഹാസൻ മാപ്പ് പറയാൻ വിസമ്മതിച്ചതിനെയും ജസ്റ്റിസ് എം നാഗപ്രസന്ന ചോദ്യം ചെയ്തു. “ഒരു പൗരനും വികാരങ്ങളെ വ്രണപ്പെടുത്താൻ അവകാശമില്ല, ജലം, ഭൂമി, ഭാഷ – ജലം എല്ലാം പൗരന്മാർക്ക് പ്രധാനമാണ്. ഈ രാജ്യത്തിന്റെ വിഭജനം ഭാഷാടിസ്ഥാനത്തിലായിരുന്നുവെന്നും ജഡ്ജി പറഞ്ഞു. ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. അതേസമയം ഹർജിയിൽ ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടില്ല. ക്ഷമാപണം നടത്തുന്നത് പരിഗണിക്കണമെന്ന് കമലഹാസനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.