രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2710 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിൽ മാത്രം 1147 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ട് പറയുന്നു. മെയ് 25 ന് അവസാനിച്ച ആഴ്ചയിൽ കോവിഡ് കേസുകൾ അഞ്ചിരട്ടിയായി വർദ്ധിച്ച് 1,000 കടന്നിരിക്കുന്നു.
കേരളത്തിൽ 1,147 കേസുകളും മഹാരാഷ്ട്ര (424), ഡൽഹി (294), ഗുജറാത്ത് (223) എന്നിവയും തൊട്ടുപിന്നിലുണ്ട്. കർണാടകയിലും തമിഴ്‌നാട്ടിലും 148 കേസുകൾ വീതവും പശ്ചിമ ബംഗാളിൽ 116 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, കേന്ദ്രം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾക്കുള്ള നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും കേന്ദ്രം നല്‍കിയിട്ടുണ്ട്.